'കുഞ്ഞുവും അച്ഛനും ' എത്തി; സിസ്റ്റർ ലിനി സ്നേഹസ്മൃതി നാളെ
മനാമ: സിസ്റ്റർ ലിനി സ്നേഹസ്മൃതിയിൽ സംബന്ധിക്കാൻ ഭർത്താവ് സജീഷും കുഞ്ഞുമക്കളും ബഹ്‌റൈനിൽ എത്തി. ലിനി അവസാന നാളുകളിൽ ആശുപത്രിക്കിടക്കയിൽ നിന്ന് കത്തിലൂടെ ആവശ്യപ്പെട്ടതുപോലെ തന്നെ അവരുടെ ആഗ്രഹപൂർത്തീകരണം മരണാനന്തരം നിറവേറ്റപ്പെടുകയാണ് ബഹ്‌റൈൻ ഒരുമ സംഘടിപ്പിക്കുന്ന ലിനി സ്നേഹസ്മൃതിയിലൂടെ. ഇന്ന് ഉച്ചയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ ലിനിയുടെ ഭർത്താവ് സജീഷും മക്കളായ സിദ്ധാർഥും റിതുലും ബഹ്‌റൈൻ വിമാനത്താവളത്തിൽ കാലു കുത്തിയപ്പോൾ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ്
ഒരുമ പ്രവർത്തകരും സ്നേഹസ്മൃതി സംഘാടകരും അവരെ എതിരേറ്റത്.
നിപ വൈറസ് ബാധയേറ്റ് ആശുപത്രി ഐ സിയുവിൽ മരണത്തെ മുഖാമുഖം കണ്ടപ്പോൾ സിസ്റ്റർ ലിനി അന്ന് ബഹ്റൈനില്‍ ഉണ്ടായിരുന്ന ഭർത്താവ് സജീഷിന് ഒരു കത്ത് എഴുതിയിരുന്നു. അതിലെ വാചകമായിരുന്നു നമ്മുടെ മക്കളെ ഒന്ന് ഗൾഫിൽ കൊണ്ടുപോകണമെന്ന്. അന്ന് ബഹ്‌റൈൻ ഒരുമയുടെ ട്രഷറർ സ്‌ഥാനം വഹിച്ചിരുന്ന സജീഷ് നാട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ ലിനി ഇഹലോകവാസം വെടിയുകയായിരുന്നു.
അന്ന് സിസ്റ്റർ ലിനി എഴുതിയ ആ കത്തിലെ കുറിപ്പിന്റെ ആഗ്രഹ സാഫല്യം മരണാനന്തരം നടത്തിക്കൊടുക്കാൻ തയ്യാറാവുകയായിരുന്നു. ബഹ്‌റൈനിലെ ഒരുമ എന്ന സംഘടനയുടെ പ്രവർത്തകരും ഒപ്പം പ്രവാസികളും. നാളെ രാത്രി 7 മണിമുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുന്ന 'സിസ്റ്റർ ലിനി സ്നേഹ സ്മൃതി'യിൽ ലിനിയുടെ മക്കളായ സിദ്ധാർത്ഥ്,റിതുൽ,ഭർത്താവ് സജീഷ് എന്നിവരും 'അമ്മ രാധയും സംബന്ധിക്കും. ഇന്ത്യൻ സർക്കാരുകൾ അടക്കം ആദരിച്ച ലിനിയോടുള്ള പ്രവാസലോകത്തിന്റെ ആദരവ് കൂടിയായിരിക്കും ഈ പരിപാടി എന്ന് സംഘാടകർ പറഞ്ഞു.പേരാമ്പ്ര ജനറൽ ആശുപത്രിയിലെ നിപ വൈറസ് ബാധയേറ്റ രോഗികളെ പരിചരിക്കവെയാണ് ലിനിക്കും വൈറസ് ബാധയേറ്റ് ജീവിതത്തിൽ നിന്നും വിടവാങ്ങിയത്.
കേന്ദ്ര സർക്കാർ ഈയിടെ ഫ്ലോറൻസ് നൈറ്റിങ്കൽ പുരസ്കാരം മരണാനന്തര ബഹുമതിയായി നൽകി ലിനിയുടെ കുടുംബത്തെ ആദരിക്കുകയുമുണ്ടായി. അത് പോലെ തന്നെ ആ കുടുംബത്തിന് പ്രവാസ ലോകം അവരുടെ ത്യാഗത്തിന്റെ അംഗീകാരമായി നൽകുന്ന ലിനി സ്നേഹ സ്മൃതി പരിപാടിക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പരിപാടിയുടെ ഭാഗമായി അജയ് ഗോപാൽ,സിന്ധു പ്രേംകുമാർ എന്നിവർ ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ ആശുപത്രികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പത്ത് നഴ്‌സുമാരെ സിനിയുടെ പേരിൽ ആദരിക്കുന്ന പരിപാടിയും ദിനേശ് മാവൂർ ഒരുക്കുന്ന സാൻഡ് ആർട്ടും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചു.പ്രവേശനം തീർത്തും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഒരുമ പ്രസിഡന്റ് സവിനേഷ്,(35059926),സെക്രട്ടറി സനീഷ് (37727745)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

