ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന്‍ മരവിപ്പിച്ചു


മനാമ: ഗള്‍ഫ് ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ തൊഴില്‍ വിസയിലുള്ള ഇന്ത്യക്കാര്‍ നിര്‍ബന്ധമായും ഇ.മൈഗ്രന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി നവംബര്‍ 14ന് പുറത്തിറക്കിയ സര്‍ക്കുലറാണ് റദ്ദാക്കിയത്.
ഇതു സംബന്ധിച്ച് ജനറല്‍ എമിഗ്രന്‍റ് ജോയിന്റ് സെക്രട്ടറി -പ്രൊട്ടക്ടര്‍ ജനറല്‍ വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്ക് പുതിയ സര്‍ക്കുലര്‍ അയച്ചു.    ഈ നിര്‍ദേശത്തെ തുടര്‍ന്ന് പ്രവാസ ലോകത്ത് വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു. ട്രാവല്‍സ് ഉടമകള്‍ സുപ്രീം കോടതിയെ സമീപിക്കാനും നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് രജിസ്ട്രേഷന്‍  നിര്‍ബന്ധമല്ലെന്ന പുതിയ സര്‍ക്കുലര്‍ അയച്ചത്. 
 
അതേ സമയം സ്വന്തം ഇഷ്ടപ്രകാരം രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണെന്നും ,  പദ്ധതി തുടരുന്നതിനെക്കുറിച്ച് പുനരാലോചന നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 31 നു ശേഷം ബഹ്റൈന്‍ യു.എ.ഇ, സൗദി അറേബിയ, കുവൈത്ത്,ഒമാന്‍ , ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, ഇന്തേനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, ലബനാന്‍, ലിബിയ, മലേഷ്യ, സുഡാന്‍, സിറിയ, തായ്ലാന്‍ഡ്, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തൊഴില്‍ വിസയിലുള്ളവര്‍ ഇന്ത്യയില്‍ നിന്ന് അതത് രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് 24 മണിക്കൂര്‍ മുന്‍ന്പെങ്കിലും ഇ-മൈഗ്രെന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നായിരുന്നു നിര്‍ദേശം.
രജിസ്റ്റര്‍ ചെയ്യാത്തവരെ ജനുവരി ഒന്നുമുതല്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് മടക്കി അയക്കുമെന്നും വ്യക്തമാക്കിയിരുന്നു. 

You might also like

Most Viewed