25 വയസ്സ് കഴിഞ്ഞവര്‍ക്കും നീറ്റ് എഴുതാമെന്ന് സുപ്രിം കോടതി

ദില്ലി: 25 വയസ്സ് കഴിഞ്ഞവര്‍ക്കും 2019 ലെ നീറ്റ് പരീക്ഷ എഴുതാന്‍ സുപ്രിം കോടതി ഉപാധികളോടെ അനുമതി നല്‍കി. എന്നാല്‍ ഇരുപത്തി അഞ്ച് വയസ്സ് കഴിഞ്ഞവരുടെ മെഡിക്കല്‍ കോളേജ് പ്രവേശനം, ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ച സിബിഎസ്‌സി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലെ അന്തിമ വിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉയര്‍ന്ന പ്രായ പരിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ ഫെബ്രുവരിയില്‍ അന്തിമ വാദം കേള്‍ക്കാന്‍ ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒരാഴ്ചത്തേക്ക് കൂടി നീട്ടാനും സുപ്രീം കോടതി നിര്‍ദേശിച്ചു. നാളെ ആയിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തീയതി.