സൽമാനിയ മെഡിക്കൽ കോംപ്ലെക്സിന് ഉടനടി സ്വയംഭരണാവകാശം
മനാമ : ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലെക്സിന് (എസ്എംസി) ഉടനടി സ്വയംഭരണാവകാശം നൽകുമെന്ന് ആദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ഗവൺമെന്റ് ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സ്വയംഭരണാവകാശം നൽകാനുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി.
മികച്ച ആരോഗ്യപരിരക്ഷയും ചെലവ് കുറഞ്ഞ സേവനങ്ങളും നൽകുന്നതിന് സ്വയംഭരണാവകാശം കാരണമായേക്കുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മനിയ പറഞ്ഞു. ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ചുമതല ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ കൂടുതൽ പ്രോൽസാഹനജനകമാണെന്നും സൗകര്യങ്ങൾ സ്വന്തമായി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിൻറെയും ധനകാര്യ മന്ത്രാലയത്തിൻറെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ആരോഗ്യസംരക്ഷണ രംഗങ്ങളിൽ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന പ്രവർത്തനം സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അവകാശം എന്നതാണ് യംഭരണാവകാശം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഡോ. വലീദ് ഖലീഫ അൽ മനിയ പറഞ്ഞു.



