പൊതുജനങ്ങൾക്ക് ശല്യമായി വാഹനങ്ങളിൽ അമിത ശബ്ദം; ഡ്രൈവർമാർ പിടിയിൽ, വാഹനങ്ങൾ 60 ദിവസത്തേക്ക് കസ്റ്റഡിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: റോഡുകളിൽ അമിത ശബ്ദമുണ്ടാക്കി പൊതുജനങ്ങൾക്ക് ശല്യം സൃഷ്ടിക്കുകയും ഭീതി പടർത്തുകയും ചെയ്ത നിരവധി ഡ്രൈവർമാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് മന്ത്രാലയം കണ്ടുകെട്ടി.
നഗരവാസികൾക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയും സൈലൻസറുകൾ ഉപയോഗിച്ചും അമിത ശബ്ദം പുറപ്പെടുവിച്ചതിനാണ് നടപടി. പൊതു ക്രമസമാധാനം തകർക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സമാധാനജീവിതത്തിന് തടസ്സം നിൽക്കുന്നതിനും എതിരെ കർശന നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ഇത്തരം നിയമലംഘനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. റോഡ് നിയമങ്ങൾ പാലിക്കണമെന്നും മറ്റുള്ളവരുടെ സ്വൈര്യജീവിതത്തിന് തടസ്സമാകുന്ന രീതിയിലുള്ള പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.
asdsdsds



