ജ്വല്ലറി അറേബ്യ 2018 എക്സിബിഷൻ ആരംഭിച്ചു


മനാമ : ജ്വല്ലറി അറേബ്യ 2018 എക്സിബിഷന്റെ വിജയം, രാജ്യത്തെ ആഭരണ വ്യവസായത്തിന്റെ വളർച്ചയുടെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. ലോകത്ത് പ്രചാരമേറിവരുന്ന മേഖല എന്ന നിലയിൽ ദേശീയ സമ്പദ്ഘടനയിലും ആഭരണ മേഖല രാജ്യത്തിൽ മുൻനിര സ്ഥാനം അർഹിക്കുന്നതായി എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഇന്നലെ ആരംഭിച്ച എക്സിബിഷൻ 24 വരെ തുടരും. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ഇത്തവണയും വന്‍ പ്രതികരണമാണു ലഭിക്കുന്നത്. ഇന്നലെ രാവിലെ പത്തു മണിക്കു നടന്ന ഉദ്ഘാടനച്ചടങ്ങില്‍ വിവിധ മന്ത്രിമാരും മന്ത്രാലയങ്ങളില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും വിവിധ എംബസികളിൽ നിന്നടക്കമുള്ള നയതന്ത്രപ്രതിനിധികളും പങ്കെടുത്തു.

21,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്രദര്‍ശന നഗരിയാണ് എക്സിബിഷനായി ഒരുക്കിയിരിക്കുന്നത്. ജ്വല്ലറി അറേബ്യക്ക് വര്‍ഷം തോറും സ്വീകാര്യത വര്‍ദ്ധിച്ചു വരികയാണെന്നും ലോകത്തെ രണ്ടാമത്തെ ജ്വല്ലറി പ്രദര്‍ശനമായി ഇതു മാറിയിരിക്കുകയാണെന്നും സംഘാടകരായ അറേബ്യന്‍ എക്‌സിബിഷന്‍ മാനേജ്‌മെന്റ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫൗസി അല്‍ ഷിഹാബി അറിയിച്ചു. പ്രദർശനത്തിന്റെ 27ആം എഡിഷനിൽ ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളില്‍നിന്നായി 550 സ്ഥാപനങ്ങള്‍ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

എല്ലാ വര്‍ഷവും ഇന്ത്യ, അമേരിക്ക, ബ്രിട്ടണ്‍, ബ്രസീല്‍, ഗ്രീസ്, ജെര്‍മ്മനി, ഹോങ്കോങ്, ഇറ്റലി, തായ്‌ലന്‍ഡ്, തുര്‍ക്കി, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ എത്താറുള്ളത്. ഇരുപത്തിയേഴാമത് പ്രദര്‍ശനത്തിന് 50,000 സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ദിവസേന വൈകിട്ട് നാലു മുതല്‍ രാത്രി പത്തുമണിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ വളരെ കര്‍ശനമായ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഇത്തവണയും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. 2003 മുതലാണ് ഗോള്‍ഡ് കൗണ്‍സില്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍നിന്ന് 49 സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാനായി എത്തിയത്. വര്‍ഷം ചെല്ലുന്തോറും ഇന്ത്യയില്‍നിന്നുള്ള പ്രദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ഇന്ത്യയില്‍നിന്നുള്ള ആഭരണങ്ങളുടെ പ്രധാന വിപണി ഇന്നും ഗള്‍ഫ് തന്നെയാണെന്ന് പ്രദര്‍ശനം സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍നിന്നുള്ള ജ്വല്ലറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 50 ശതമാനവും ഗള്‍ഫിലേക്കായിരുന്നു.

ഇന്ത്യയില്‍നിന്നുള്ള ആഭരണങ്ങളുടെ ഗുണമേന്മയും വൈവിധ്യമാര്‍ന്ന ഡിസൈനുകളുമാണ് വിപണിയില്‍ ഇന്ത്യന്‍ ജ്വല്ലറിയെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സ്വര്‍ണ്ണത്തിന്റെ കയറ്റുമതി വര്‍ദ്ധിച്ചിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി. ബഹ്‌റൈനിലുള്ള ഇന്ത്യന്‍ ജ്വല്ലറിയായ ദേവ്ജി ജ്വല്ലറിയും എക്‌സിബിഷനില്‍ എല്ലാ വര്‍ഷവും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തില്‍ സന്ദര്‍ശകരായി എത്തിയവരില്‍ നല്ലൊരു ശതമാനം സൗദി അറേബ്യയില്‍നിന്നുള്ളവരായിരുന്നു.

ബഹ്‌റൈൻ ജനതയുടെ ഉദാരമനസ്കതയും സാമ്പത്തിക വൈവിധ്യവത്കരണവും ബഹ്റൈനിന്റെ വിജയത്തിനും ദേശീയ സമ്പദ് വ്യവസ്ഥയുടെ മത്സരാധിഷ്ഠിത വികസനത്തിന്നും അടിത്തറയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് രാജ്യത്തിൽ നിക്ഷേപങ്ങൾക്ക് അനുയോജ്യവും ആകർഷണീയവുമായ അന്തരീക്ഷം ഉണ്ടാക്കുന്നതിനും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലുള്ള സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും വേദിയാകാൻ ബഹ്‌റൈനെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എക്സിബിഷൻ - കോൺഫറൻസ് വ്യവസായത്തിന്റെ വളർച്ച ബിസിനസ് സംവിധാനത്തിൻറെ തുടർച്ചയായ നേട്ടത്തിന്റെ ശക്തമായ സൂചനയാണ് നൽകുന്നത്. സർക്കാർ നൽകുന്ന പ്രോത്സാഹനങ്ങളും വ്യവസായത്തിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളും, ലോജിസ്റ്റിക് സേവനങ്ങളും, നിക്ഷേപ സഹൃദ രാജ്യമാകാൻ ബഹ്‌റൈനെ സഹായിച്ചു. വിദഗ്ദരായ തൊഴിലാളികളുടെ ലഭ്യതയും കോൺഫറൻസിനും എക്സിബിഷനുകൾക്കും ഉള്ള സൗകര്യങ്ങളും രാജ്യത്തിന് നേട്ടമായി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed