ബഹ്‌റൈന്റെ മൽസ്യ സമ്പത്ത് അപകടകരമാകുംവിധം കുറയുന്നു
മനാമ : ബഹ്റൈന്റെ മത്സ്യ സമ്പത്ത് 90 ശതമാനത്തോളം കുറഞ്ഞതായി റിപ്പോർട്ട്. ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ അളവാണ് ഇത്. കടൽ വിഭവങ്ങൾ സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ബാക്കി 10 ശതമാനം കൂടെ ഇല്ലാതാകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ബഹ്റിന്റെ മത്സ്യ സമ്പത്ത് വിവിധ കാരണങ്ങളാൽ കുറഞ്ഞതായി മറൈൻ റിസോഴ്സസ് ഡയറക്ടറേറ്റും വർക്സ്, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയവും നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
കറാഫ് മത്സ്യ ബന്ധന രീതിയാണ് അതിൽ പ്രധാനപ്പെട്ടത്. കടൽത്തീരത്തിനു സമീപത്തുനിന്നും വൻ തോതിലുള്ള മത്സ്യബന്ധനം നടത്തുന്നതാണ് ഈ രീതി. പ്രത്യേകിച്ച് ചെമ്മീൻ പിടിത്തമാണ് ഇത്തരം മത്സ്യ ബന്ധനം ലക്ഷ്യമിടുന്നത്. ഇത് മറ്റു പല സമുദ്ര ജീവികളെയും ചെറിയ മത്സ്യങ്ങളെയും കൊല്ലുന്നു. അമിത മത്സ്യ ബന്ധനമാണ് രണ്ടാമത്തെ കാരണം. 6,400ൽ പരം പ്രവാസി മത്സ്യത്തൊഴിലാളികൾ രാജ്യത്തുണ്ട്. 1,700 പ്രൊഫഷണൽ മത്സ്യബന്ധന ലൈസൻസുകളിലാണ് ഇവർ ജോലിചെയ്യുന്നത്. ഈ നിരക്കിൽ വൻ തോതിലുള്ള മത്സ്യബന്ധനം രാജ്യത്തെ മത്സ്യത്തെ സമ്പത്ത് ക്രമാതീതമായി കുറയാൻ ഇടയാക്കി.
ഈ സ്ഥിതി തുടർന്നാൽ വിവിധ മത്സ്യ ഇനങ്ങൾ ഉടൻ ബഹ്റൈനിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. രാജ്യത്തിന് ആവശ്യത്തിനുള്ള മത്സ്യം എത്തിക്കാൻ നിലവിലുള്ള മത്സ്യ സമ്പത്ത് അപര്യാപ്തമാണ്.
കഴിഞ്ഞ കുറേ ദശാബ്ദങ്ങളിൽ ബഹ്‌റൈനോട് ചേർന്ന സമുദ്രത്തിൽ വൻതോതിൽ കാണപ്പെട്ടിരുന്ന മത്സ്യങ്ങളുടെ എണ്ണം 80 ൽ നിന്ന് നാലായി കുറഞ്ഞു. "കറാഫ് മത്സ്യബന്ധന രീതി മത്സ്യത്തെയും പരിസ്ഥിതിയെയും നശിപ്പിക്കുന്നു. ഇത് എല്ലാ ജീവജാലങ്ങളെയും ഒരേസമയം ബാധിക്കുന്നു. മത്സ്യ കുഞ്ഞുങ്ങൾക്ക് വലുതാകാനോ പുനരുൽപ്പാദനം നടത്താനോ ഈ രീതി അനുവദിക്കുന്നില്ല. ഈ രീതി നിർത്തിയില്ലെങ്കിൽ മത്സ്യങ്ങൾ ഇനിയും കുറയും, ബഹ്റൈൻ നിലവിൽ മത്സ്യങ്ങൾ കയറ്റുമതിചെയ്യുന്ന നിലവാരത്തിൽ നിന്ന് മത്സ്യ ഇറക്കുമതിക്കാരനായിത്തീരുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിന് 2002 ലെ നിയമം 20ൽ പരാമർശിച്ചിരിക്കുന്ന നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിനും മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും റിപ്പോർട്ട് സർക്കാരിനോട് ശുപാർശചെയ്തു.
നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന് നിർബന്ധിത നിയന്ത്രണം ആവശ്യമാണ്. നടപടി സ്വീകരിക്കുന്നതിന് കാലതാമസമുണ്ടായാൽ പ്രശ്നം പരിഹരിക്കുന്നത് ഭാവിയിൽ കൂടുതൽ ബുദ്ധിമുട്ടേറിയതും ചിലവേറിയതുമായിരിക്കും എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കടൽത്തീരത്ത് ചെറിയ മത്സ്യങ്ങളുടെ വളർച്ചയ്ക്ക് ദോഷകരമായ കറാഫ് രീതി ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾക്കെതിരെ നിയമ നടപടി എടുക്കുമെന്ന് മറൈൻ റിസോഴ്സസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കറാഫ് രീതിയിലൂടെ പിടികൂടുന്നതിൽ 60-70 ശതമാനം ചെറു മത്സ്യങ്ങളാണെന്ന് ഡയറക്ടറേറ്റ് പറയുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഈ രീതി ഉപയോഗിച്ച് 46,000 മെട്രിക് ടൺ ചെമ്മീൻ പിടികൂടിയതയും ഡയറക്ടറേറ്റ് പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രജനന സമയത്ത് മൽസ്യബന്ധന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തടവ്, പിഴ, ബോട്ടുകൾ പിടിച്ചെടുക്കൽ എന്നിവയാണ് നിരോധനം ലംഖിക്കുന്നവർക്കുള്ള ശിക്ഷകൾ.

