എംബസിയുടെ നേതൃത്വത്തിൽ അഭയകേന്ദ്രം വേണമെന്ന് ആവശ്യം
മനാമ : ബഹ്റൈനിൽ പല മേഖലകളിലും ജോലി ചെയ്യുന്നവർ കേസിന്റെ നൂലാമാലകളിൽ പെട്ടോ ശാരീരിക അവശതകൾ മൂലമോ നാട്ടിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ അവർക്ക് താൽക്കാലികമായി ഒരിടം എന്ന നിലയിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ തന്നെ ഒരു അഭയകേന്ദ്രം ഉണ്ടാകണമെന്ന ആവശ്യം സാമൂഹ്യ പ്രവർത്തകർ മുന്നോട്ട് വെയ്ക്കുന്നു. വർഷങ്ങളായി കോടതികളിൽ തീർപ്പുകൽപ്പിക്കാതിരിക്കുന്ന കേസുകൾ ഉള്ളവരും നിയമപരമായ വിസയോ മറ്റു രേഖകളോ കൈവശം ഇല്ലാത്തവരുമായ നിരവധി പേരാണ് നാട്ടിലേയ്ക്ക് പോകാൻ കഴിയാതെയും ഇവിടെ തന്നെ ഏതെങ്കിലും തരത്തിൽ ജോലി ചെയ്യാൻ കഴിയാതെയോ പ്രവാസ ലോകത്തു തന്നെ ദുരിത ജീവിതം തള്ളി നീക്കുന്നത്. ഇത്തരം സ്ഥിതിയിലുള്ളവരുടെ കേസുകൾ തീർപ്പ് കൽപ്പിക്കാൻ സാമൂഹ്യ പ്രവർത്തകർ മുൻകൈ എടുക്കുന്നുണ്ടെങ്കിലും നടപടിക്രമങ്ങളിൽ കാലതാമസം കാരണം പലപ്പോഴും പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ കാലതാമസം നേരിടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ താമസിപ്പിക്കാൻ വേണ്ടുന്ന ഒരു അഭയ കേന്ദ്രം നമുക്കില്ലെന്നുള്ളത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്കാ ജനകമാണ്.
ഇന്ത്യൻ എംബസി സീഫിൽ വലിയ കെട്ടിട സമുച്ചയത്തിലേയ്ക്ക് മാറുകയും ജീവനക്കാർക്ക് അടക്കമുള്ള മികച്ച താമസ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തെങ്കിലും കേസുകളിലും മറ്റും പെട്ട് യാത്രാ നിരോധനം ഉള്ളവർക്ക് താലക്കാലികമായി തങ്ങാൻ ഒരു അഭയ കേന്ദ്രം ഇല്ല. സാമൂഹ്യപ്രവർത്തകർ തെരുവിൽ നിന്ന് രക്ഷിച്ച സുന്ദരേശൻ ഇപ്പോഴും താമസിക്കുന്നത് സാമൂഹ്യ പ്രവർത്തകനായ സലാം മന്പാട്ടു മൂലയുടെ മുറിയിലാണ്. മുന്പ് പ്രവാസലോകത്ത് താമസിക്കാൻ ഇടമില്ലാതെയും നിയമപരമായ രേഖകൾ ഇല്ലാതെയും ദുരിതത്തിലായിരുന്ന പാലക്കാട് സ്വദേശി ബാബുരാജ്, നിലന്പൂർ സ്വദേശി ഇസ്മായിൽ, കോഴിക്കോട് സ്വദേശി സത്യൻ തുടങ്ങിയവരെയെല്ലാം സലാം കൂടെ താമസിപ്പിച്ചിട്ടുണ്ട്. ഇവരെല്ലാം ഇപ്പോൾ നാട്ടിൽ എത്തി കുടുംബത്തോടൊപ്പം മികച്ച രീതിയിൽ ജീവിക്കുന്നുണ്ട്. സുന്ദരേശനെ നാട്ടിൽ അയക്കാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സലാം പറഞ്ഞു. ഇദ്ദേഹത്തിന്റെ പേരിലുള്ള പിഴ സംഖ്യ കെട്ടിവെച്ചു കഴിഞ്ഞു. ഇനി ഏതാനും ദിവസങ്ങൾക്കകം തന്നെ നാട്ടിലേയ്ക്ക് പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണുള്ളത്. കഴിഞ്ഞ മാസം അബോധാവസ്ഥയിൽ വഴിയിൽ വീഴുകയും തുടർന്ന് സൽമാനിയ ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്ത സുകു നടരാജനും അവസാന നാളുകളിൽ താമസ സൗകര്യം ഇല്ലാതെ പാർക്കിലെ ഇരിപ്പിടങ്ങളും പിക്കപ്പ് വാനുകളും കിടപ്പാടമാക്കിയാണ് ജീവിതം കഴിച്ചു കൂട്ടിയിരുന്നത്. കേസുകളിൽ പെട്ട് യാത്രാ നിരോധനം ഉള്ളതിനാൽ നാട്ടിലേയ്ക്ക് പോകാൻ കഴിയാതെ പ്രവാസ ലോകത്തു തന്നെ കഴിച്ചുകൂട്ടേണ്ടിവന്നിരിക്കുന്ന വയോവൃദ്ധനായ തലശ്ശേരി സ്വദേശി നളരാജനും ഇപ്പോൾ കഴിയുന്നത് ഏതാനും യുവാക്കളുടെ സുമനസ്സുകൊണ്ടാണ്.
ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ തന്നെ ഒരു അഭയ കേന്ദ്രം എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന ആവശ്യമാണ് സാമൂഹ്യ പ്രവർത്തകർ മുന്നോട്ട് വെയ്ക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസി തന്നെ മുൻകൈയ്യെടുത്തുകൊണ്ട് ഒരു അഭയ കേന്ദ്രം ഉണ്ടാക്കാൻ മുന്നിട്ടിറങ്ങിയാൽ പ്രവാസികളുടെ നിർലോഭമായ സഹകരണം ഉണ്ടാകുമെന്നുള്ളത് തീർച്ചയാണ്. പ്രവാസികൾ പല ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസിയിൽ ഫീസ് ഇനത്തിൽ നൽകുന്ന വരുമാനം ഇത്തരം സുപ്രധാന ആവശ്യങ്ങൾക്ക് കൂടിനീക്കി വെക്കാനുള്ള നടപടികൾ ഉണ്ടാക്കാൻ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നു. സാമൂഹ്യ പ്രവർത്തകരും ഐസിആർഎഫും തന്നെ ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങുകയാണെങ്കിൽ അധികം വൈകാതെ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രവാസികളുടെ വിശ്വാസം.




