പൗരാണിക ശവകുടീരങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി
മനാമ : ബഹ്റൈനിലെ ചരിത്ര അവശേഷിപ്പുകളിൽ ഒന്നായ ബഹ്റൈൻ നാഷണൽ മ്യൂസിയത്തിലെ പൗരാണിക ശവകുടീരങ്ങളുടെ അഞ്ച് വർഷം നീണ്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം ചൊവ്വാഴ്ച വീണ്ടും പ്രദർശനമാരംഭിക്കും. പുതിയ പുരാവസ്തു ഗവേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് ശവകുടീരങ്ങളുടെ ഉൾഭാഗം പരിഷ്കരിച്ചത്. ലോകമെന്പാടുമുള്ള മ്യൂസിയങ്ങളിൽ ഉപയോഗിച്ച് വരുന്ന കട്ടിങ് എഡ്ജ് ഓഡിയോ വിഷ്വൽ ടെക്നോളജി വഴി സന്ദർശകർക്ക് ഇവയെപ്പറ്റി പഠിക്കാൻ സാധിക്കും.
രാജ്യത്തിന്റെ വടക്കൻ മേഖലകളിലും മധ്യ ഭാഗങ്ങളിലും ഇത്തരം ശവകുടീരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദിൽമൺ സംസ്ക്കാരത്തിന്റെ പ്രധാന തെളിവുകൾ ചരിത്രാതീതകാലത്തെ ശവകുടീരങ്ങളുമായി ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. ഭൂമിയിൽ ഏകദേശം 80,000 ശവകുടീരങ്ങൾ നിരവധി പുരാവസ്തു പര്യവേഷകാർ ഖനനത്തിനും പഠനത്തിനും വിധേയമാക്കിയിട്ടുണ്ട്. ബി.സി 2250−1700 വരെയാണ് ദിൽമൻ സംസ്കാരം നിലനിന്നിരുന്നത് എന്നാണ് അനുമാനം.
ദിൽമൺ ജനതയുടെ ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്ന തെളിവുകൾ അടങ്ങിയ ഈ ശവകുടീരങ്ങളെ അതുല്യവും അസാധാരണവുമായ ചരിത്ര രേഖകളായി കണക്കാക്കുകയും യുനെസ്കോ ലോക പൈതൃക പട്ടികയിൽ അവയെ ഉൾപ്പെടുത്തുകയും ചെയ്തു. ബഹ്റൈൻ അതോറിട്ടി ഓഫ് കൾച്ചർ ആന്റ് ആന്റിക്വിറ്റീസിന്റെ പ്രസിഡണ്ട് ഷെയ്ഖ് മായ് ബിൻത് മുഹമ്മദ് അൽ ഖലീഫ, ഹാൾ പുനരുദ്ധാരണ പദ്ധതിയുടെ സ്പോൺസർമാർക്ക് നന്ദി പറഞ്ഞു. മാനുഷിക പൈതൃകത്തെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് സംസ്കാരം സംരക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
വേൾഡ് മ്യൂസിയം എക്സിബിഷൻ ടെക്നിക്സ് പ്രകാരം പുനർ രൂപകൽപ്പന ചെയ്ത പുതിയ ഹാളിന്റെ ഉദ്ഘാടനം ലോക പൈതൃക സമിതിയുടെ 42-ാമത് സെഷനിൽ നടക്കും. ലോക പൈതൃക സമിതി അംഗങ്ങൾ ബഹ്റൈൻ നാഷണൽ മ്യൂസിയവും പുതിയ ഹാളും സന്ദർശിക്കും. ബഹ്റൈൻ സിനിമാ കന്പനി, അൽ മുഹറഖ് മാൾ, അൽ സീഫ് പ്രോപ്പർട്ടി, റിതാജ്, ബഹ്റൈൻ ക്രെഡിറ്റ്, യുണൈറ്റഡ് അഹ്ലി ബാങ്ക് എന്നിവരും നിരവധി കലാകാരൻമാരും ഹാളിന്റെ പുനരുദ്ധാരണത്തിലേയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്.



