ഗതാഗതക്കുരുക്കിൽ വലഞ്ഞ് ദൈഹ് ഗ്രാമം
മനാമ : രാജ്യത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിൽപ്പെട്ട് ദൈഹ് ഗ്രാമം. ഗതാഗതക്കുരുക്ക് മൂലം ഗ്രാമവാസികൾ അസ്വസ്ഥരാണെന്നും റോഡുകളിൽ ദീർഘസമയം കാത്തുകിടക്കേണ്ടി വരുന്നതിനാൽ വീടുകളിൽ തന്നെ ഇരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ഇവിടുത്തെ പ്രദേശവാസികൾ പറയുന്നു. ഗ്രാമത്തിലേയ്ക്ക് പ്രധാനമായി രണ്ട് പ്രവേശന കവാടങ്ങളാണ് ഉള്ളത്. സനാബിസ്, ജിദ്ദാഫ് ഗ്രാമങ്ങളിലേയ്ക്കുള്ള ഇന്റർസെക്ഷനിൽനിന്നും ബഹ്റൈൻ മാളിനടുത്ത്നിന്നുമാണ് ഇവ. എന്നാൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ മൂന്നാമത്തെ പ്രവേശന കവാടത്തിന് ഗ്രാമവാസികൾ ആവശ്യപ്പെടുന്നു. ബഹ്റൈൻ മാളിനടുത്തുള്ള വെഡിങ് ഹാളാണ് ഗതാഗതപ്രശ്നത്തിന് മുഖ്യ കാരണം. ഹാളിൽ പരിപാടികൾ നടക്കുന്ന സമയത്ത് വീട്ടിലെത്താൻ മണിക്കൂറുകളോളം റോഡിൽ ചെലവഴിക്കേണ്ടിവരുന്നതായി പ്രദേശവാസിയായ അബുല മുഹമ്മദ് പറഞ്ഞു.
ഗതാഗത തടസ്സങ്ങൾ ഗ്രാമീണർക്ക് തലവേദനയാണെന്നും അടിയന്തിര പരിഹാരം കണ്ടെത്താൻ അധികാരികൾ ശ്രമിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഗ്രാമീണർ നേരിടുന്ന മറ്റൊരു പ്രശ്നമാണ് പാർക്കിംഗ് സ്ഥലത്തിന്റെ അപര്യാപ്തത. പാർക്കിങ് പ്രശ്നങ്ങളുമായിബന്ധപ്പെട്ട് വഴക്കുകൾ ഉണ്ടാകുന്നത് ഇവിടെ സാധാരണമാണ്. പഴയകാല രൂപകൽപനയും രീതികളും അടിസ്ഥാനമാക്കിയാണ് സ്ട്രീറ്റ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ പാർക്കിങ്ങിന് സ്ഥലങ്ങളില്ല. കാറുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത്നിന്ന് വീട്ടിലേക്ക് 15 മുതൽ 20 മിനിട്ട് വരെ നടക്കണം. പ്രായമായ ആളുകളാണ് ഈ പ്രശ്നത്തിന്റെ പ്രധാന ഇരകളെന്നും പ്രദേശവാസിയായ അബ്ദുൾ മൊഹീൻ അൽ ഖസാബ് പറഞ്ഞു.
അധികൃതർ തങ്ങളുടെ ആവശ്യങ്ങൾക്ക്നേരെ കണ്ണടയ്ക്കുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു. ഇവിടെ ഞങ്ങൾക്ക് ശരിയായ കളി സ്ഥലം ഇല്ല, മറ്റ് ഗ്രാമീണർക്ക് ഉള്ളപോലെനല്ല പാർക്കുകളും മറ്റു സൗകര്യങ്ങളും ഇല്ല. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പലപ്പോഴും അധികാരികളെ അറിയിച്ചിരുന്നു. എന്നാൽ നടപടികൾ ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു.
ഗ്രാമവാസികളുടെ ആവശ്യങ്ങൾ സെക്രട്ടറിയേറ്റ് പരിശോധിച്ചുവരികയാണെന്നും ട്രാഫിക് ജാമുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ രൂപീകരിക്കുമെന്നും ക്യാപിറ്റൽ സെക്രട്ടറിയേറ്റ് കൗൺസിൽ മെന്പർ മജീദ് അൽ നഷീറ്റ് പറഞ്ഞു. സെക്രട്ടേറിയറ്റ് അധികൃതരും ഗ്രാമീണരും തമ്മിൽ കൂടിക്കാഴ്ചകൾ നടത്തുണ്ട്. ഇവിടുത്തെ അനേകം പ്രശ്നങ്ങൾ പരിഹരിച്ചു. ഗ്രാമത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.



