നളരാജന്റെ അവസ്ഥ മുഖ്യമന്ത്രിയെ അറിയിച്ചു : സുബൈർ കണ്ണൂർ
മനാമ : ബേക്കറി ബിസിനസ്് തകർന്ന് കടം കയറിയ അവസ്ഥയിൽ നീട്ടിലേയ്ക്ക് പോകാൻ പോലും കഴിയാതെ കാഴ്ച ശക്തി നഷ്ടപ്പെട്ട് രോഗാതുരമായ അവസ്ഥയിൽ ബഹ്‌റൈനിൽ കഴിയുന്ന തലശ്ശേരി സ്വദേശി നളരാജന്റെ അവസ്ഥ മുഖ്യ മന്ത്രി പിണറായി വിജയൻ സമക്ഷം അവതരിപ്പിച്ചതായി പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് പോയ സുബൈർ കണ്ണൂർ ഭാര്യ നാസിലയ്‌ക്കൊപ്പം നളരാജന്റെ തലശ്ശേരിയിലെ വസതിയിലെത്തി നിജസ്ഥിതി വിലയിരുത്തി.
നളരാജന്റെ ഭാര്യ പ്രേമയുമായും ബന്ധുക്കളുമായും സംസാരിച്ചു. വളരെ വിഷമാവസ്ഥയിലാണ് കുടുംബാംഗങ്ങൾ കഴിയുന്നതെന്നും താമസിക്കുന്ന വീടും പുരയിടവും അടക്കമുള്ളവയുടെ രേഖകൾ സ്വകാര്യ ഫിനാൻസ് കന്പനിയുടെ കൈയ്യിലാണെന്നും ബോധ്യമായതായും അദ്ദേഹം അറിയിച്ചു. നളരാജന്റെ അവസ്ഥയോർത്ത് അദ്ദേഹത്തിന്റെ ഭാര്യ വളരെ ദുഃഖിതയാണ്. മാനസികമായി തകർന്ന അവസ്ഥയിലുള്ള അവർ നന്നേ ക്ഷീണിതയുമാണെന്നും സുബൈർ പറഞ്ഞു.
പലിശക്കാരുടെയും തന്നെ സഹായിക്കാമെന്നേറ്റവരുടെയും കെണിയിൽ വീണാണ് നളരാജന്റെ ബിസിനസ് തകർന്നത്. നല്ല രീതിയിൽ 30ഓളം ജീവനക്കാരെ ഉൾപ്പെടുത്തി നടത്തിവരുന്ന വെസ്റ്റ് ഏക്കറിൽ ബേക്കറി 2011ൽ ബഹ്റൈനിൽ ഉണ്ടായ അനിഷ്ടസംഭവത്തോടെയാണ് നഷ്ടം സംഭവിച്ചു തുടങ്ങിയത്.
നളരാജന്റെയും സമാനമായ അവസ്ഥയിൽ പ്രവാസ ലോകത്ത് കഴിയുന്ന നിരവധി പ്രവാസികളുടെയും കാര്യത്തിൽ സർക്കാരിന് സാധ്യമായത് എല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതായി സുബൈർ 4 പി.എം ന്യൂസിനോട് പറഞ്ഞു.

