ബഹ്‌റൈൻ വിപണി ലക്ഷ്യമാക്കി നിക്ഷേപകർ : എണ്ണ ശേഖരത്തിൽ പ്രതീക്ഷ
മനാമ : ബഹ്‌റൈൻ വിപണി ലക്ഷ്യമാക്കി നിത്യേന സൗദി പ്രവാസികൾ അടക്കമുള്ള നിരവധി പേർ ബഹ്റൈനിൽ നിക്ഷേപങ്ങൾക്ക് തയ്യാറാകുന്നു.
നിതാഖാത്ത് നിയമം വന്നത്തോടെ സൗദി വിപണിയിൽ ഉണ്ടായ മാന്ദ്യവും നിയമ നടപടിക്രമങ്ങളുടെ നൂലാമാലകളും ആയതാണ് പലരെയും ബഹ്റൈനിൽ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നത്. ബഹ്റൈനിൽ വൻ തോതിൽ എണ്ണ ശേഖരം കണ്ടെത്തിയതും ഭാവിയിൽ വിപണിയിലെ കുതിപ്പിന് കാരണമാകുമെന്നുള്ള പ്രതീക്ഷ കൂടി ആയപ്പോൾ ബഹ്‌റൈനിൽ വിവിധ മേഖലകളിൽ നിക്ഷേപമിറക്കി പുത്തൻ സംരംഭങ്ങൾക്ക് വിത്ത് പാകുകയാണ് മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ.
എണ്ണ ശേഖരം കണ്ടെത്തിയത് വിദേശത്തും ഇന്ത്യയിലുമുള്ള മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതുകൊണ്ടു തന്നെ ഇന്ത്യയിലേയും വിദേശത്തെയും ബിസിനസുകാർക്ക് ബഹ്റൈനിൽ നിക്ഷേപം തുടങ്ങുന്നതിൽ ഇനി ആശങ്ക വേണ്ടെന്ന സന്ദേശം കൂടി നൽകാൻ കഴിഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബഹ്റൈനിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് വലിയ തടസ്സങ്ങളോ നീണ്ട നടപടി ക്രമങ്ങളോ ഇല്ലെന്നുള്ളതും വിപണിയിൽ നിക്ഷേപമിറക്കുന്നതിന് പ്രവാസികളെ പ്രേരിപ്പിക്കുന്നുണ്ട്. ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയതോടെ ഖത്തറിലും മറ്റ് ജി.സി.സി രാജ്യങ്ങളിലുമുള്ള നിരവധി സംരംഭകർക്ക് വലിയ തോതിലുള്ള നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഈ രാജ്യങ്ങളിൽ നിന്നുള്ള ആകാശ പാത പോലും അടച്ചിട്ട അവസ്ഥയിൽ ഖത്തറിൽ പോയി വരികയും അവിടത്തെ ബിസിനസ്പരമായ കാര്യങ്ങളിൽ ഇടപെടുകയും ചെയ്യുക എന്നത് പണച്ചിലവും സമയച്ചിലവും ഉള്ള ഏർപ്പാടായി മാറി.
സൗദിയിൽ നിന്നും റോഡ് മാർഗ്ഗം തന്നെ ബഹ്റൈനിൽ എത്താവുന്ന സൗകര്യം കൂടി കണക്കിലെടുത്താണ് പലരും സംരംഭങ്ങൾ ബഹ്റൈനിലേയ്ക്ക് പറിച്ച് നടാൻ തുടങ്ങിയിരിക്കുന്നത്. പ്രത്യേകിച്ച് തലസ്ഥാന നഗരിയായ മനാമയിലെ പല കെട്ടിടങ്ങളിലും പുത്തൻ സംരംഭങ്ങൾ ആരംഭിച്ച് തുടങ്ങി. സൗദി പ്രവാസികളുടെ വരവോടെ പല വ്യാപാര സമുച്ചയങ്ങളും വാടക നിരക്ക് കൂട്ടിയിട്ടുണ്ടെന്നും അത് നിലവിലെ വ്യാപാരികളെ ഏറെക്കുറെ ബാധിക്കുന്നുണ്ടെന്നും മനാമയിലെ ചില വ്യാപാരികൾ പറയുന്നു.

