കുത്തിയോട്ടം പീഡനമല്ല, അനുഷ്ഠാനമാണ് : വെന്നിയിൽ നാരായണപ്പിള്ള
മനാമ : കുത്തിയോട്ടം യാതൊരു തരത്തിലുമുള്ള പീഡനമല്ലെന്നും അത് വിശ്വാസികൾ പ്രാർത്ഥിച്ച് ചെയ്യുന്ന അനുഷ്ഠാനം മാത്രമാണെന്നും പ്രമുഖ കുത്തിയോട്ട കലാകാരനായ നാരായണപ്പിള്ള അഭിപ്രായപ്പെട്ടു. പ്രശസ്തമായ ചെട്ടികുളങ്ങര ക്ഷേത്രത്തിലും ആറ്റുകാൽ, ശാർക്കര ദേവീ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഭഗവദ് പ്രീതിക്കായി പ്രാർത്ഥന വഴിപാടായി നടത്തുന്ന ചടങ്ങാണിത്. ഓണാട്ടുകര നിവാസികൾ നാളെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ െവച്ച് സംഘടിപ്പിക്കുന്ന ഓണാട്ടുകര ഫെസ്റ്റിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ അദ്ദേഹം കുത്തിയോട്ടവുമായി ബന്ധപ്പെട്ട ആചാരങ്ങളെപ്പറ്റിയുള്ള അനുഭവങ്ങൾ 4 പി.എം ന്യൂസുമായി പങ്കുവെച്ചു.
54 വർഷമായി കുത്തിയോട്ട ആചാര കർമ്മങ്ങളിൽ പങ്കെടുത്തുവരുന്ന ഈ അനുഷ്ഠാന കലയിലെ ഏറ്റവും മുതിർന്ന ആളാണ് അദ്ദേഹം. കുത്തിയോട്ട വഴിപാട് ആരെയും നിർബന്ധിച്ച് ചെയ്യിക്കാറില്ലെന്നും കുട്ടികളെ അവരുടെ മാതാപിതാക്കന്മാരുടെ ഇഷ്ടപ്രകാരമാണ് കുത്തിയോട്ടം നടത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുംഭ ഭരണി നാളിൽ കരുവി എന്ന് പേരുള്ള ഉപകരണത്തിന്റെ സഹായത്തോടെ കുട്ടികളുടെ ശരീരത്തിൽ പ്രത്യേക ഭാഗത്തിൽ കുത്തിയിറക്കിയാണ് ഇത് ചെയ്യുന്നത്. വാദ്യമേളത്തിന്റെയും മന്ത്രോച്ചാരണങ്ങളുടെയും ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങുന്ന ഒരു പ്രത്യേക അവസ്ഥയിലാണ് ഇത് ചെയ്യുന്നത്. ഓണാട്ടുകര നിവാസികൾക്ക് ഇത് വലിയ ഉത്സവപ്രതീതിയാണ് ഉണ്ടാക്കുന്നത്. അതോടനുബന്ധിച്ച് അഭ്യാസ അനുഷ്ഠാന ചടങ്ങുകളും പ്രത്യേക പാട്ടുകളും ഉണ്ട്. അത്തരം കർമ്മങ്ങളിലെ പാട്ടുകളും ചുവടുവെയ്പ്പുകളുമാണ് നാളെ കേരളീയ സമാജത്തിൽ െവച്ച് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഓണാട്ടുകര നിവാസികളായ നിരവധി പേർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതിന്റെ തയ്യാറെടുപ്പിലായിരുന്നു.
മുത്തച്ഛനായ വെണ്ണിയിൽ ശങ്കരപ്പിള്ള വൈദ്യനിൽ നിന്നാണ് കുത്തിയോട്ടത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ അഭ്യസിച്ചത്. 13ാമത്തെ വയസിൽ മൃദംഗം അഭ്യസിച്ച് തുടങ്ങിയതുകൊണ്ട് താളക്രമങ്ങളിൽ അന്ന് തന്നെ അറിവ് നേടിയിരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിന് ശേഷം എയർഫോഴ്‌സിൽ ജോലി ചെയ്തു. പിന്നീട് അന്തരിച്ച പ്രമുഖ ചലച്ചിത്രനടൻ എം.ജി സോമൻ അടക്കമുള്ളവർക്കൊപ്പം നാടകങ്ങളിൽ അഭിനയിച്ചു. കായംകുളം കേരളാ പീപ്പിൾസ് തീയറ്റേഴ്‌സ്, കേരളാ ആർട്ട്സ് തീയറ്റേഴ്സ്, രൂപരേഖ, കൊല്ലം തൂലികളെ ഓച്ചിറ നാടകരംഗം തുടങ്ങി നിരവധി നാടക ട്രൂപ്പുകളിൽ നാടകപ്രവർത്തനങ്ങളുമായി ഏറെക്കാലം ചിലവഴിച്ചതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇന്ത്യക്ക് പുറത്ത് ഓണാട്ടുകര പ്രദേശത്തുള്ള നിരവധി പേർ കുത്തിയോട്ട കലകൾ അവതരിപ്പിക്കാനും പുതിയ തലമുറയെ അഭ്യസിപ്പിക്കാനുമായി തന്നെ വിളിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നാളെ ഉച്ചയ്ക്ക് ഓണാട്ടുകരക്കാരുടെ ഇഷ്ടവിഭവമായ മുതിരപുഴുക്കും കൂട്ടുകറിയും അച്ചാറും അടക്കം തയ്യാറാക്കാൻ നാട്ടിൽ നിന്ന് വന്ന പ്രമുഖ പാചക വിദഗ്ദ്ധൻ ശ്രീഭദ്ര ജയനും ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്. മധുചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിശീലനം തകൃതിയായി നടക്കുന്നുണ്ട്. സദ്യയിലും തുടർന്ന് നടക്കുന്ന കലാപരിപാടികളും മുഴുവൻ മലയാളികളും സംബന്ധിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. പ്രവേശനം സൗജന്യമാണ്.

