കരുതൽ 2018 ഉദ്ഘാടനം ചെയ്തു
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ 2017−18 കമ്മിറ്റിയുടെ പുതിയ പദ്ധതിയായ കരുതൽ 2018 ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഐ.വൈ.സി.സിയുടെ അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ചാണ് ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയ് കൃഷ്ണൻ ലോഗോ പ്രകാശനം ചെയ്തത്. ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ഒരുപാട് ജീവിതങ്ങളുണ്ട് നമ്മുടെ ചുറ്റിലും, സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയിൽ അവർക്ക് നേരെ മുഖം തിരിക്കുവാൻ ഐ.വൈ.സി.സിക്കാകില്ലെന്നും, വിശന്ന വയറുമായി ജീവിക്കുന്ന അമ്മമാർക്ക്, കുഞ്ഞുങ്ങൾക്ക്, ആരും സഹായിക്കുവാനില്ലാത്ത മാതാപിതാക്കൾക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദേശിക്കുന്നത് എന്ന് ഐ.വൈ.സി.സി പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം, ചാരിറ്റി വിങ് കൺവീനർ ഷിഹാബ് കറുകപുത്തൂറും വാർത്താകുറിപ്പിലൂടെ അറിയിച്ചു.ഇനിയൊരു മധുവിനും അവസ്ഥ ഉണ്ടാകരുതെന്നും, കേരളത്തിലെ വിവിധ അനാഥ മന്ദിരങ്ങളിൽ, അഗളി പോലെയുള്ള ആദിവാസി ഊരുകളിൽ ഈ പദ്ധതി നടപ്പിലാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

