ബാക്ക് ടു സ്കൂൾ; സ്കൂൾ വിപണിയിൽ തിരക്കേറുന്നു
മനാമ: പുതിയ അദ്ധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂൾ േസ്റ്റഷനറി വിപണിയിൽ തിരക്കേറിത്തുടങ്ങി. ഏഷ്യൻ സമൂഹത്തിന്റെ സ്കൂളുകളെല്ലാം അടുത്ത ആഴ്ചയോടെ തുറക്കും. ക്ലാസ് കയറ്റം ലഭിക്കുന്നതോടെ പുസ്തകങ്ങൾ, യൂണിഫോമുകൾ, മറ്റ് േസ്റ്റഷനറി സാമഗ്രികൾ തുടങ്ങിയവയ്ക്ക് രക്ഷിതാക്കൾ നെട്ടോട്ടം ആരംഭിച്ചിട്ടുണ്ട്. പൊതുവെയുള്ള വിലക്കയറ്റം സ്കൂൾ വിപണിയിലുമുണ്ട്. വർഷം ഓരോന്ന് കഴിയുന്നതിനനുസരിച്ച് വിദ്യാഭ്യാസ ചിലവുകൾ ഏറിവരികയാണ്. ഭരണാധികാരികളുടെ പ്രത്യേക നിർദ്ദേശം ഉള്ളത്കൊണ്ട് ഇത്തവണ സ്കൂൾ ഫീസ് കൂട്ടാൻ ഇടയില്ലെന്നത് രക്ഷിതാക്കൾക്ക് ചെറിയൊരാശ്വാസമായി.
നോട്ട് പുസ്തകങ്ങൾക്കും േസ്റ്റഷനറി സാമഗ്രികൾക്കും പൊള്ളുന്ന വിലയാണ് വിപണിയിൽ. ടെക്സ്റ്റ് പുസ്തകങ്ങൾ അതാത് സ്കൂളുകളിൽ നിന്നാണ് വിതരണം ചെയ്യുന്നത്. ചില സ്കൂളുകളിൽ നോട്ട് പുസ്തകങ്ങൾ അടക്കം വിദ്യാർത്ഥികൾക്ക് വേണ്ടുന്ന എല്ലാ സാമഗ്രികളും സ്കൂളിൽ നിന്ന് തന്നെ വാങ്ങണമെന്ന നിർബന്ധവുമുണ്ട്. വിപണിയിൽ ലഭ്യമായതിനേക്കാൾ കൂടുതൽ തുക നോട്ട് ബുക്കുകൾക്ക് സ്കൂളുകൾ ഈടാക്കുന്നുണ്ടെന്ന പരാതിയും ചില രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. സ്കൂളുകൾ മൊത്ത വിലയ്ക്ക് നോട്ടുബുക്കുകൾ എടുത്ത് വിദ്യാർത്ഥികൾക്ക് അമിത വിലയ്ക്ക് നൽകിയതിലൂടെ ചില സ്കൂളുകൾ ലാഭം കൊയ്യുകയാണ്. യൂണിഫോമുകൾ സ്കൂൾ അധികൃതർ നിർദ്ദേശിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും എടുക്കണമെന്നും ചില സ്കൂൾ അധികൃതർ കുട്ടികളോട് ആവശ്യപ്പെടുന്നുണ്ട്. പഴയ ടെക്സ്റ്റ് ബുക്കുകളുടെ കൈമാറ്റം വലിയൊരു ശതമാനം വിദ്യാർത്ഥികൾക്ക് അനുഗ്രഹമാകുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ സ്കൂളിലെ വലിയൊരു ശതമാനം വിദ്യാർത്ഥികളും തങ്ങളുടെ സീനിയർ വിദ്യാർത്ഥികൾ ഉപയോഗിച്ച പുസ്തകങ്ങൾ വാങ്ങി ഉപയോഗിക്കുന്നു. ഇൻഡക്സ് എന്ന ഇന്ത്യൻ സംഘടനയുടെ ആഭിമുഖ്യത്തിൽ നിരവധി മലയാളി സംഘടനകളുടെ സഹകരണത്തോടെ ഈഒരു പ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വിവിധ ഇടങ്ങളിൽ വെച്ചിട്ടുള്ള പുസ്തക ശേഖരണ ബോക്സുകളിൽ നിന്നും ലഭിച്ച പുസ്തകങ്ങൾ നാളെ വൈകീട്ട് 6 മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽവെച്ച് വിതരണം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
എൽ.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള സ്കൂൾ ബാഗ് വിപണിയും സജീവമാണ്. ചൈനയിൽ നിന്നുള്ള വില കുറഞ്ഞ ഉൽപ്പന്നങ്ങൾ മുതൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് ബാഗുകൾ വരെ വിൽപ്പനയ്ക്ക് തയ്യാറായിക്കഴിഞ്ഞു.
കാർട്ടൂർ കഥാപാത്രങ്ങളുടെ ത്രിമാന ചിത്രങ്ങൾ ആലേഖനം ചെയ്ത ബാഗുകളും മറ്റ് ഉൽപ്പന്നങ്ങളുമാണ് ഇത്തവണ വിപണിയിലെ മിന്നും താരങ്ങൾ. കുട്ടികളെ ആകർഷിക്കാൻ പുതിയ കണ്ടുപിടുത്തങ്ങളുമായി കന്പനികൾ സജീവമായപ്പോൾ കൊച്ചുകുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളായ ഡോറയും ബുജിയും ഛോട്ടാ ഭീമും ചെവിയനും ട്വീറ്റിയും പാണ്ടയും മായാവിയും ഡാകിനിയും കുട്ടൂസനും ലുട്ടാപ്പിയും സൂത്രനും ഷേരുവും ടോം ആന്റ് ജെറിയും മിക്കി മൗസുമൊക്ക വിപണിയിൽ എത്തിയിട്ടുണ്ട്. ബാഗുകളിലും വാട്ടർ ബോട്ടിലുകളിലും ടിഫിൻ ബോക്സുകളിലും ഇവയുടെ ത്രിമാന ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്.
മ്യൂസിക്കിന്റെ അകന്പടിയോടെ ത്രിമാനചിത്രങ്ങൾ മാറിമറിയുന്ന പുതിയ സംവിധാനത്തിന് വൻ ഡിമാന്റാണ്. വെള്ളം ചീറ്റുകയും തോക്ക് പോലെ വെടിെവയ്ക്കാൻ കഴിയുന്നതും ഒടിച്ചുമടക്കി പോക്കറ്റിൽ സൂക്ഷിക്കാൻ കഴിയുന്നതുമായ പേനകളും പെൻസിലുകളും വരെ വിപണിയിൽ താരങ്ങളാണ്.
ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ഗുണനിലവാരമുള്ളവയാണെങ്കിലും കുട്ടികളുടെ ഇഷ്ടമാണ് പലരും നോക്കുന്നതെന്ന് ഗുദൈബിയയിലെ സ്കൂൾ േസ്റ്റഷനറി ജീവനക്കാരൻ പറഞ്ഞു.

