ഗതാഗത പിഴയിൽ ഇളവ് വരുത്തുന്ന ബില്ലിൽ ഏപ്രിൽ മൂന്നിന് എംപിമാർ വോട്ട് രേഖപ്പെടുത്തും
മനാമ: പതിനഞ്ച് ദിവസത്തിനുള്ളിൽ ഗതാഗത പിഴ അടച്ചാൽ 50 ശതമാനം ഇളവ് അനുവദിക്കുന്ന ബില്ലിന് വിദേശകാര്യ വകുപ്പ്, പ്രതിരോധ വകുപ്പ്, പ്രതിനിധി സഭയിലെ ദേശീയ സുരക്ഷാ സമിതി എന്നിവ അംഗീകാരം നൽകി. ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ 40 അംഗ കൗൺസിൽ ബില്ലിൽ വോട്ട് രേഖപ്പെടുത്തും.
2014ലെ 23−ാം ട്രാഫിക് നിയമം ഭേദഗതി ചെയ്യാനുള്ള ലക്ഷ്യത്തോടെ എം.പി ഖാലിദ് അൽ ഷേറാൺ ബില്ല് സമർപ്പിച്ചത്. പിഴയിൽ ഇളവ് വരുത്തുന്നതിന് പുറമേ, നിയമലംഘനത്തിൽ പിഴ അടയ്ക്കാനുള്ള കാലാവധി നീട്ടാനും ബില്ലിൽ പറയുന്നുണ്ട്. നിലവിലുള്ള നിയമത്തിലെ 30 ദിവസത്തിന് പകരം, കുറഞ്ഞത് 45 ദിവസമായി കാലാവധി നീട്ടാനാണ് ഇതിൽ പറയുന്നത്.
വാഹനത്തിന്റെ മുകൾ ഭാഗത്ത് യാത്രക്കാരെ കയറ്റുക, പൊതു, സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുക, ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കുക, ലൈറ്റുകൾ ഇല്ലാതെ വാഹനം ഓടിക്കുക, അശ്രദ്ധമായ ഡ്രൈവിംഗ്, മറ്റുള്ളവരുടെ ജീവിതം അപകടത്തിലാക്കൽ, ധാർമ്മികതയും പൊതുശാസനകളും ലംഘിക്കുന്ന പരസ്യങ്ങളോ അഭിപ്രായങ്ങളോ അടങ്ങുന്ന സ്റ്റിക്കറുകൾ വാഹനത്തിൽ ഒട്ടിക്കുക, റോഡിൽ തടസ്സങ്ങൾ സൃഷ്ടിക്കുക, മിന്നൽ ലൈറ്റുകൾ ഉപയോഗിക്കുക, രാത്രിയിൽ ഇരുണ്ട സ്ഥലങ്ങളിൽ ലൈറ്റുകൾ ഇടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുക, 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻ സീറ്റുകളിൽ ഇരിക്കാൻ അനുവദിക്കുക തുടങ്ങിയവ ബില്ലിൽ പരാമർശിക്കുന്ന ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

