ഉയർച്ചയിൽ പലരും കൂടെ നിന്നു.. വീണപ്പോൾ ‘സഹായിച്ച’ പലരും ചതിച്ചു
മനാമ : ബേക്കറി ബിസിനസ്സിൽ തകർന്ന് കടം കയറിയ അവസ്ഥയിൽ നീട്ടിലേയ്ക്ക് പോകാൻ പോലും കഴിയാതെ കാഴ്ച ശക്തി നഷ്ടപ്പെട്ട് രോഗാതുരമായ അവസ്ഥയിൽ കിടക്കുന്ന തലശ്ശേരി സ്വദേശി നളരാജൻ വീണുപോയത് പലിശക്കാരുടെയും തന്നെ സഹായിക്കാമെന്നേറ്റവരുടെയും കെണിയിലാണ്. വളരെ നല്ല രീതിയിൽ 30ഓളം ജീവനക്കാരെ ഉൾപ്പെടുത്തി നടത്തിവന്ന വെസ്റ്റ് ഏക്കറിലെ ബേക്കറി 2011ൽ ബഹ്റൈനിൽ ഉണ്ടായ അനിഷ്ടസംഭവത്തോടെയാണ് നഷ്ടം സംഭവിച്ചു തുടങ്ങിയത്. ആയിരക്കണക്കിന് ദിനാർ മുടക്കി നിരവധി ബേക്കറി ഉപകരണങ്ങളും അസംസ്കൃത സാധനങ്ങളും വാങ്ങിയ വകയിൽ നല്ലൊരു തുക ബിസിനസ്സിൽ ഏറ്റ തിരിച്ചടി മൂലം തിരിച്ചുകൊടുക്കാൻ കഴിയാതെയായി. അതോടെ ചിലരിൽ നിന്ന് പലിശയ്ക്ക് കടം വാങ്ങി. ഈ സമയത്തെല്ലാം കട നടത്തിയിരുന്നത് മകൻ ആയിരുന്നു.
കടം വാങ്ങിയപ്പോൾ പകരം നൽകിയ ചെക്കുകൾ ബാങ്കിൽ ഇട്ടപ്പോൾ അക്കൗണ്ടിൽ പണമില്ലാതെ കേസായി. കേസുകൾ ഒന്നിനൊന്ന് കൂടിയതോടെ മകൻ നാട്ടിലേയ്ക്ക് മടങ്ങി. നളരാജൻ ജയിലിലുമായി. ജയിലിൽ ആയിരുന്നപ്പോൾ കട നടത്തിയിരുന്നത് തിരുവല്ല സ്വദേശിയായ മലയാളി ആയിരുന്നു. നാട്ടിൽ നിന്നും പണം വരുത്തി വലിയൊരു തുക വക്കീൽ ഫീസ് നൽകിയാണ് കേസ് നടത്തിയത്. പ്രായാധിക്യം കണക്കിലെടുത്തും നളരാജന്റെ പേരിലുള്ള സ്ഥാപനം നില നിൽക്കുന്നത് കൊണ്ടും കടം നൽകിയവർക്ക് പണം പിന്നീട് നൽകാമെന്ന വ്യവസ്ഥയിൽ ഇദ്ദേഹത്തെ താൽക്കാലികമായി ജയിൽ മോചിതനാക്കി.
തുടർന്ന് നിലവിലെ കടം വീട്ടി ബേക്കറി നല്ല നിലയിൽ പ്രവർത്തിക്കുന്നതിന് വേണ്ടി ഖത്തറിലുള്ള ഇദ്ദേഹത്തിന്റെ സഹോദരൻ ഏകദേശം 50 ലക്ഷം രൂപ നാട്ടിൽ നിന്ന് വരുത്തുകയും ചെയ്തു. ഈ പണം സഹായ വാഗ്ദാനവുമായി വന്ന മലയാളിയായ മൻസൂർ ആണ് കൈകാര്യം ചെയ്തത്. ബിസിനസ്സിൽ പ്രാവീണ്യമുണ്ടെന്ന് നളരാജനെ വിശ്വസിപ്പിച്ച മൻസൂർ ആകട്ടെ വിശ്വസിപ്പിക്കാൻ വേണ്ടി ബേക്കറിയിൽ ചില അറ്റ കുറ്റപ്പണികൾ നടത്തി ബാക്കി പണവുമായി നാട്ടിലേയ്ക്ക് മുങ്ങുകയായിരുന്നുവെന്ന് നളരാജൻ പറഞ്ഞു. ജയിലിലായ സമയത്ത് ബേക്കറിയിലെ ലാഭത്തിന്റെ കണക്കോ മറ്റ് വിശദവിവരങ്ങളോ ഒന്നും നളരാജന് ലഭിച്ചിരുന്നുമില്ല. ബേക്കറിക്ക് വേണ്ടി വാങ്ങിയ ആയിരക്കണക്കിന് ദിനാർ വിലവരുന്ന മെഷീനറികളും ഇപ്പോൾ എവിടെ പോയി എന്നുള്ള കാര്യം നളരാജന് അറിയില്ല. മകൻ ജയിലിൽ ആകരുതെന്ന് കരുതിയാണ് ആ സമയത്ത് നാട്ടിൽ പറഞ്ഞയക്കാൻ കാരണമെന്ന് നളരാജൻ പറയുന്നു. പല കാര്യങ്ങളും ഇപ്പോൾ ഓർമ്മയുമില്ല. പലരും തന്നെ ചതിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം വേദനയോടെ പറയുന്നു. നഷ്ടപ്പെട്ടത് ഒന്നും നേടുവാനോ, തന്റെ പേരിൽ നിലവിലുള്ള സാന്പത്തിക ബാധ്യതകൾ തീർക്കുവാനോ ഇനി തനിക്ക് ആവില്ലെന്നും, ജന്മനാട്ടിൽ ഒന്ന് എത്തിയാൽ മാത്രം മതി എന്നുമാണ് ഇദ്ദേഹം പറയുന്നത്.
ഇന്നലെ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തി കാര്യങ്ങൾ തിരക്കി. രണ്ട് ദിവസത്തിനകം നാട്ടിലേയ്ക്ക് പോകുന്ന സുബൈർ നളരാജന്റെ ബന്ധുക്കളെ നേരിട്ട് കാണുമെന്ന് 4 പി.എം ന്യൂസിനോട് പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നും ബന്ധുക്കളുമായി സംസാരിച്ചും സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ സാമൂഹ്യ പ്രവർത്തകനായ സുധീർ തിരുനിലത്ത് ബഹ്റൈൻ മനുഷ്യാവകാശ കമ്മിറ്റി അധികൃതർക്കും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന എൻ.ആർ.ഐ സെല്ലിന്റെ കേരളത്തിലെ പ്രതിനിധി നളരാജന്റെ ഭവനം സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രവാസി സാമൂഹ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങളും മനുഷ്യാവകാശ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ നളരാജന് നാടണയാനുള്ള വഴി ഒരുങ്ങുമെന്നുള്ള പ്രതീക്ഷയിലാണ് മലയാളി പ്രവാസി സമൂഹം.

