സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം : സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കും
മനാമ : സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിന് കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷിതമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ പൗരന്മാർക്കും ഭരണകർത്താക്കൾക്കും എതിരെ അപകീർത്തികരമായ സന്ദേശങ്ങൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പോലീസ് മീഡിയ സെന്റർ വഴി മന്ത്രി നിലപാട് വ്യക്തമാക്കിയത്. സാമൂഹ്യസുരക്ഷയ്ക്കും സമാധാനത്തിനും എതിരായ സന്ദേശങ്ങളാണ് ഈ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നത്. ദേശീയയ്ക്കും, പരന്പരാഗത മൂല്യങ്ങൾക്കെതിരെയുള്ള എല്ലാ ദുഷ്പ്രചരണങ്ങൾക്കും എതിരെ നടപടിയെടുക്കുമെന്ന് ഷെയ്ക്ക് റാഷിദ് പറഞ്ഞു.
ബഹ്‌റൈനിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുമായോ സംഘടനകളുമായോ ഈ അക്കൗണ്ടുകൾക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അക്കൗണ്ടുകൾക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്നുള്ള അവകാശവാദവും അദ്ദേഹം നിഷേധിച്ചു. ബഹ്‌റൈന്റെ ദേശീയതക്കും പാരന്പര്യ മൂല്യങ്ങൾക്കും എതിരായ സൈബർ പ്രവർത്തനങ്ങൾ നടപടി നേരിടേണ്ടിവരുമെന്നും ഷെയ്ഖ് റാഷിദ് വ്യക്തമാക്കി.

