നിയമ ലംഘനം; ബഹ്റൈനിലെ ഹജ്ജ്, ഉംറ സേവന കേന്ദ്രത്തിന്റെ പ്രവർത്തനം റദ്ദാക്കി
മനാമ: നിരവധി നിയമലംഘനങ്ങൾ നടന്നതിന്റെ അടിസ്ഥാനത്തിൽ ഹജ്ജ്, ഉംറ സേവന കേന്ദ്രത്തിന്റെ പ്രവർത്തനം സുപ്രീം കമ്മിറ്റി റദ്ദ് ചെയ്തു. ഭരണപരവും സാങ്കേതികപരവുമായ നിയമലംഘനത്തിൽ ഇതുമായി ബന്ധപ്പെട്ട പലർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എന്റോവ്മെൻ്റ്സ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ അധ്യക്ഷനായ സമിതിയുടെ അടുത്തിടെ നടത്തിയ ഒരു യോഗത്തിലാണ് ഇത് വെളിപ്പെടുത്തിയത്.
ഓഫീസിൽ ഭരണപരവും സുരക്ഷാ, സാങ്കേതികപരവുമായ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് കമ്മിറ്റി അംഗങ്ങൾ സ്ഥിരീകരിച്ചു. സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയവും ബഹ്റൈന്റെ ഹജ്ജ് മിഷനും നൽകുന്ന എല്ലാ നിയമങ്ങളും വ്യവസ്ഥകളും, ഇതിനുവേണ്ടി അനുവദിച്ചിട്ടുള്ള എല്ലാ ഓഫീസുകളും പാലിക്കേണ്ടതാണെന്ന് അവർ പറഞ്ഞു. കൂടാതെ, തീർത്ഥാടകരുടെ പേരുകളുടെയും മറ്റു വിവരങ്ങളുടെയും രജിസ്ട്രേഷൻ കാലാവധി അവസാനിപ്പിക്കാൻ എല്ലാ ഓഫീസുകളോടും കമ്മിറ്റി നിർദേശിച്ചു.
നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് 12 ഓഫീസുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി കൃത്യമായ ഒരു റെക്കോർഡ് നിലനിർത്തിയിട്ടുണ്ട്. അവരുടെ പ്രതിബദ്ധത അംഗീകരിക്കുന്നതിനായി അവർക്ക് ഒരു ബഹുമതി ലഭിക്കുമെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. രാജ്യത്തെ തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കാനും ബഹ്റൈനിലെ എല്ലാ ഓഫീസുകളോടും കമ്മിറ്റി ആവശ്യപ്പെട്ടു. അധികാരികൾ അനുവദിച്ച പെർമിറ്റുകൾ ദുരുപയോഗം ചെയ്യുന്ന ഓഫീസുകൾക്ക് സമിതി മുന്നറിയിപ്പ് നൽകി. വർഷത്തിലുടനീളം ആയിരക്കണക്കിന് തീർത്ഥാടകർക്ക് സേവനം നൽകുന്ന 52 അംഗീകൃത ഹജ്ജ്, ഉംറ ഓഫീസുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.

