മനുഷ്യക്കടത്ത് തടയുന്നതിനായി അന്താരാഷ്ട്ര സംഘടനയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബഹ്റൈൻ കിരീടാവകാശി
മനാമ : മനുഷ്യക്കടത്തും ചൂഷണവും തടയുന്നതിനായും നാടുകടത്തപ്പെട്ടവരെയും കുടിയേറ്റക്കാരെയും രക്ഷിക്കുന്നതിനായുമുള്ള കുടിയേറ്റ അന്താരാഷ്ട്ര സംഘടനയുടെ എല്ലാ പരിശ്രമങ്ങൾക്കും ബഹ്റൈൻ പൂർണ പിന്തുണ നൽകുമെന്ന് ബഹ്റൈൻ കിരീടാവകാശി ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. കുടിയേറ്റ അന്താരാഷ്ട്ര സംഘടന(ഐ.ഒ.എം)യുടെ ഡയറക്ടർ ജനറൽ, വില്യം ലസി സ്വിംഗിനെ ഇന്നലെ ഗുദൈബിയ കൊട്ടാരത്തിലേക്ക് സ്വീകരിക്കവേ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകൽപന ചെയ്ത ഒരു സമഗ്ര പരിപാടി ബഹ്റൈൻ വിജയകരമായി നടപ്പിലാക്കിയതായി ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ പറഞ്ഞു. വികസനത്തിനായി ഐക്യരാഷ്ട്ര സംഘടനകൾക്കൊപ്പം സഹകരണം ശക്തിപ്പെടുത്താനുള്ള ബഹ്റൈന്റെ ആഗ്രഹം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈന്റെ തൊഴിൽ കമ്പോള പരിഷ്കരണ പദ്ധതിയെക്കുറിച്ചും ഹമദ് രാജാവിന്റെ നിർദേശങ്ങളിലൂടെ നേടിയ ബഹ്റൈൻ നിയമനിർമാണത്തിന്റെയും നിയമവ്യവസ്ഥകളുടെയും നവീകരണത്തെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാനുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചതിന് വില്യം ലസി സ്വിംഗ് നന്ദി പ്രകടിപ്പിച്ചു. പ്രിൻസ് സൽമാനും വിവിധ ബഹ്റൈൻ സംഘടനകളും നൽകിയ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. ഉപ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ, തൊഴിൽ-സാമൂഹ്യ വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് ഹുമൈദാൻ, നിരവധി മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

