തിരക്ക് കൂടിയ റോഡുകളിൽ ഗതാഗത പരിഷ്കരണം
മനാമ : രാജ്യത്തെ തിരക്ക് കൂടിയ റോഡുകളിൽ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കി. നിലവിൽ സൽമാനിയയെയും മനാമയെയും ബന്ധിപ്പിക്കുന്ന ചില റോഡുകളിലാണ് ഗതാഗത പരിഷ്കരണം നടപ്പാക്കിയിട്ടുള്ളത്. സൽമാനിയയിൽ നിന്ന് റെഡ് ടാഗ് ബിൽഡിംഗിന് മുന്നിലൂടെയുള്ള (പോലീസ് ഫോർട്ട്) 1136 റോഡ് വൺവേ ആക്കി മാറ്റിയിട്ടുണ്ട്.
ഈ റോഡിൽ മനാമ ഭാഗത്തേയ്ക്ക് പോകുന്നതിന് മാത്രമേ അനുവാദമുള്ളൂ. അതുപോലെ സഗയ്യയിൽ നിന്ന് മനാമയിലേയ്ക്ക് പോകുന്ന അൽ സഗയ്യ മോസ്ക് വഴിയുള്ള ഗതാഗതവും വൺ വേയാക്കി മാറ്റി. സെഗയ്യയിൽ നിന്ന് മോസ്‌കിന് സമീത്തുകൂടി (പോലീസ് ഫോർട്ട്) പ്രവേശനം തടഞ്ഞിട്ടുണ്ട്. എന്നാൽ അൽ മുത്തനാബ് അവന്യുവിലെ സർക്കിളിൽ നിന്ന് സഗയ്യയിലേയ്ക്ക് ഇതുവഴി വരുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ ബാരിക്കേഡുകൾ െവച്ചുകൊണ്ടും ബോർഡുകൾ സ്ഥാപിച്ചും ആണ് പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുള്ളത്. പുതിയ പരിഷ്‌കാരം സ്ഥിരപ്പെടുത്തുമോ അതോ താൽക്കാലികമാണോ എന്നുള്ളകാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

