ജേഴ്‌സി വാങ്ങാൻ പോയത് മരണത്തിലേയ്ക്ക് : തിലകന്റെ മരണത്തിന്റെ പൊരുൾ അറിയാതെ പ്രവാസി സമൂഹം
മനാമ : ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിച്ച ഒ.കെ തിലകൻ എന്ന ടൈറ്റാനിയം തിലകന്റെ ആകസ്മിക മരണത്തിന്റെ ആഘാതത്തിലാണ് ബഹ്‌റൈനിലെ പ്രവാസി സമൂഹം. ഫെബ്രുവരി ഒന്പതിന് അദ്ദേഹം കോച്ച് ആയി പ്രവർത്തിക്കുന്ന ഇന്ത്യൻ ടാലന്റ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ ടൂർണ്ണമെന്റ് ആയിരുന്നു. ഇതിന് വേണ്ടി ഫെബ്രുവരി മൂന്നിന് സ്ഥാപന ഉടമ അഡ്വ. ലതീഷ് ഭരതനോടൊപ്പം ഗുദൈബിയയിൽ നിന്ന് ട്രോഫി വാങ്ങി താമസ സ്ഥലത്തേയ്‌ക്ക് ഇവർ ഒരുമിച്ചാണ് മടങ്ങിയത്. അടുത്ത ദിവസം രാവിലെ കുട്ടികൾക്കുള്ള ജേഴ്‌സി തിരഞ്ഞെടുക്കണമെന്നും അതിന് വേണ്ടി ഒരു സ്‌പോൺസറെ കാണണമെന്നും പറഞ്ഞ് രാവിലെ തിലകൻ ലതീഷിനെ ഫോൺ ചെയ്തിരുന്നു. മനാമയിലേയ്ക്ക് പോവുകയാണെന്ന് കൂടെ താമസിക്കുന്നവരോടും പറഞ്ഞിരുന്നുവത്രെ.
എന്നാൽ പിന്നീട് ഫോണിൽ വിളിച്ചപ്പോൾ കിട്ടിയില്ല. വൈകീട്ട് താമസ സ്ഥലത്തും എത്തിയിരുന്നില്ല. തുടർന്ന് ഫോണിൽ വീണ്ടും വിളിച്ചപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതിന് ശേഷം ലതീഷ് നാട്ടിലുള്ള മകൻ വൈശാഖിനെ വിളിച്ച് അച്ഛൻ വിളിച്ചിരുന്നോ എന്ന് അന്വേഷിപ്പോൾ അവിടെയും വിളിച്ചില്ലെന്ന മറുപടിയാണ് ലഭിച്ചത്. അടുത്ത ദിവസവും താമസ സ്ഥലത്ത് എത്തുകയോ ഫോണിൽ കിട്ടുകയോ ചെയ്തില്ല. തുടർന്ന് ഫെബ്രുവരി ആറിന് ലതീഷ് തന്നെ പോലീസിൽ പരാതി നൽകി. അക്കാദമിയിൽ ടൂർണ്ണമെന്റിനുള്ള ഒരുക്കങ്ങൾ പുരോഗമിച്ചിരുന്നതിനാലും കുട്ടികളും രക്ഷിതാക്കളും തയ്യാറായിരുന്നതിനാലും മറ്റ് കോച്ചുകളുടെയും സഹായികളുടെയും നേതൃത്വത്തിൽ ഫെബ്രുവരി ഒന്പതിന് തന്നെ ടൂർണ്ണമെന്റ് നടത്തുകയും ചെയ്തു.
കോച്ച് എന്ന നിലയിൽ ആത്മാർത്ഥമായി ജോലി ചെയ്തിരുന്ന തിലകൻ ടൂർണ്ണമെന്റ് നടക്കുന്ന ദിവസമെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്ന് ലതീഷ് പറഞ്ഞു. അക്കാദമിയെ ഇന്നത്തെ നിലയിൽ ഉയർത്തിക്കൊണ്ട് വരുന്നതിൽ തിലകൻ വഹിച്ച പങ്ക് വളരെ കൂടുതലാണെന്നും നാട്ടുകാരൻ എന്ന നിലയിൽ മാത്രമുള്ള ബന്ധമല്ല തങ്ങൾ തമ്മിലുള്ളതെന്നും ലതീഷ് പറഞ്ഞു. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളിൽ നിന്നും ഫീസ് വാങ്ങുന്നതും ബാങ്കിൽ അടയ്ക്കുന്നതും അടക്കമുള്ള അക്കാദമിയുടെ അഡ്മിൻ കാര്യങ്ങൾ എല്ലാം തിലകന്റെ മേൽനോട്ടത്തിലായിരുന്നു നടന്ന് വന്നതെന്നും മാനസികമായ യാതൊരു പ്രയാസവും ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും ലതീഷ് പറഞ്ഞു. കുടുംബത്തെ ബഹ്റൈനിൽ കൊണ്ടുവരണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇതിന്റെ ആദ്യപടിയായി മകൾക്ക് ഇവിടെ തന്നെ ഒരു ജോലി തരപ്പെടുത്തുക എന്ന ഉദ്ദേശമുള്ളതിനാലാണ് വിസയ്ക്കും അപേക്ഷിച്ചത്. വിസ കിട്ടിയപ്പോഴും വളരെ സന്തോഷത്തിലായിരുന്നു തിലകൻ. രണ്ടാഴ്ചയ്ക്ക്കുള്ളിൽ മകളെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പ് നടന്ന് കൊണ്ടിരിക്കെ മരണം വരിക്കാനുള്ള കാരണം മാത്രം എന്താണെന്ന് ലതീഷിന് ഇപ്പോഴും മനസിലാക്കാൻ സാധിക്കുന്നില്ല.
അദ്ദേഹത്തിന്റെ മരണത്തിൽ കുടുംബത്തിന് എന്തെങ്കിലും തരത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് ആവശ്യമാണെന്നും അതുകൊണ്ടുതന്നെ നാട്ടിലുള്ള മകനെ ബഹ്റൈനിലേയ്ക്ക് വരുത്തുന്നതാണ് നല്ലതെന്നുള്ള അഭിപ്രായമുണ്ടെന്നും ലതീഷ് പറഞ്ഞു. തിലകന്റെ മരണത്തെ പറ്റിയുള്ള എല്ലാ സംശയങ്ങളും ദൂരീകരിച്ചുകൊണ്ട് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോവുകയോ അല്ലെങ്കിൽ ബഹ്റൈനിൽ തന്നെ സംസ്കരിക്കാനാവശ്യമായ ന
ടപടികൾ കൈക്കൊള്ളണമെന്നും ലതീഷ് ഇന്ത്യൻ എംബസി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, സാമൂഹ്യ പ്രവർത്തകരായ ബഷീർ അന്പലായി, സുധീർ തിരുനിലത്ത് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഈ ആവശ്യം അറിയിക്കാനായി ഇന്ത്യൻ എംബസിയിലെത്തി.

