കാർഷിക മേഖലയ്ക്ക് ഉണർവേകി ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ-2018
മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ-2018 (ബി.ഐ.ജി.എസ്) കാർഷിക മേഖലയിലും പരിസ്ഥിതി വികസനത്തിലും താൽപ്പര്യമുള്ളവർക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുന്നതായി പ്രിൻസസ് സബീഖ ബിൻത് ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു. കാർഷിക വികസനത്തിനുള്ള രണ്ടാമത്തെ കിംഗ് ഹമദ് അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (എൻ.ഐ.എ.ഡി)യുടെ കൺസൾട്ടൻസി കൗൺസിൽ പ്രസിഡണ്ട് പ്രിൻസസ് സബീഖ ഇക്കാര്യം വ്യക്തമാക്കിയത്.
ബഹ്‌റൈന്റെ അന്താരാഷ്ട്ര കാർഷിക നിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഗാർഡൻ ഷോ. രാജ്യത്ത് ഗ്രീൻ സ്പെയ്സുകൾ വർദ്ധിപ്പിക്കുന്നതിനും, ഭക്ഷ്യ സംസ്കരണ മേഖലയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ജലസേചന സാമഗ്രികളും രാസവളങ്ങളും ഉൽപ്പാദിപ്പിക്കുന്നതിനുള്ള അനുബന്ധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഗാർഡൻ ഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുക, ഭക്ഷ്യ സുരക്ഷാ ഉറപ്പുവരുത്തുക, ആധുനിക കാർഷിക സാങ്കേതികവിദ്യകൾ കരസ്ഥമാക്കുക, കാർഷിക ഗവേഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഷോ ലക്ഷ്യമിടുന്നതെന്നും പ്രിൻസസ് സബീഖ പറഞ്ഞു. ഗാർഡൻ ഷോയുടെ വിജയത്തിനായി പ്രവർത്തിച്ചവർക്കും പ്രിൻസ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിനും പ്രിൻസസ് സബീഖ നന്ദി പറഞ്ഞു. പ്രദർശനത്തിന് പിന്തുണ നൽകിയ മന്ത്രിമാർക്കും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രിൻസസ് സബീഖ നന്ദി പറഞ്ഞു.

