ബഹ്‌റൈൻ ഫസ്റ്റ് ഫെസ്റ്റിന്റെ പതിനൊന്നാം എഡിഷന് ഹമദ് രാജാവ് നേതൃത്വം വഹിച്ചു
മനാമ : വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബഹ്‌റൈൻ ഫസ്റ്റ് ഫെസ്റ്റിന്റെ പതിനൊന്നാം എഡിഷന് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് നേതൃത്വം വഹിച്ചു. ബഹ്‌റൈൻ നാഷണൽ േസ്റ്റഡിയത്തിൽ നടന്ന ഫെസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി മജീദ് ബിൻ അലി അൽ നുഐമി, പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് രാജാവിനെ സ്വീകരിച്ചു. യു.എൻ എൻവയോൺമെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി) എക്സിക്യുട്ടീവ് ഡയറക്ടർ എറിക് സോൾഹെയിമും ചടങ്ങിൽ സംബന്ധിച്ചു.
ദേശീയ ഗാനത്തിനും ഖുർആൻ പാരായണത്തിനും ശേഷം നടത്തിയ പ്രസംഗത്തിൽ ബഹ്‌റൈൻ ഫസ്റ്റ് ഫെസ്റ്റിന് പിന്തുണ നൽകിയ രാജാവിന് വിദ്യാഭ്യാസ മന്ത്രി നന്ദി പറഞ്ഞു. ഇസ്ലാമിന്റെ ശക്തിയും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണ് രാജാവിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ രാജാവിന് രണ്ട് സമ്മാനങ്ങൾ നൽകി. ഇന്റർനാഷണൽ ടെസ്റ്റ് ഓഫ് മാത്തമാറ്റിക്സ് ആന്റ് സയൻസിൽ ബഹ്‌റൈൻ വിദ്യാർത്ഥികളുടെ നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നതും ബ്രയ്ലി ലിപിയിലുള്ള ഖുറാന്റെ പകർപ്പുമാണ് നൽകിയത്. ഈ വർഷത്തെ ഫെസ്റ്റിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് തന്റെ പ്രസംഗത്തിൽ ഹമദ് രാജാവ് വ്യക്തമാക്കി.

