ആറ്റുകാൽ പൊങ്കാല : കനത്ത സുരക്ഷയൊരുക്കി പോലീസ്
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ശക്തമായ സുരക്ഷയൊരുക്കി സിറ്റി പോലീസ്. 4200 പോലീസുകാരെ സുരക്ഷക്കായി ഒരുക്കിയിരിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് പത്രസമ്മേളനത്തിൽ അറിയിച്ചു. പൊങ്കാലയ്ക്കെത്തുന്നവരുടെ സുരക്ഷയ്ക്കായി നഗരത്തെ നാല് മേഖലകളായി തിരിച്ചാണ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ മേഖലയുടെ മേൽനോട്ടം എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കായിരിക്കും. ക്ഷേത്രവും പരിസരവും ഉൾപ്പെടുന്ന ഇന്നർസോണിന്റെ സുരക്ഷാചുമതല വനിതാ ബറ്റാലിയൻ കമാൻഡന്റ് ആർ. നിശാന്തിനിക്കാണ്.
ക്ഷേത്രത്തിന് പുറത്ത് പൊങ്കാല നടക്കുന്ന ഒൗട്ടർ മേഖലയുടെ സുരക്ഷ ഡി.സി.പി ജി. ജയദേവിനും. ഗതാഗത, പാർക്കിംഗ് മുതലായ ട്രാഫിക് സോണിന്റെ ചുമതല ഡി.സി.പി വി.അജിത്തിനും തീപ്പിടുത്തം, അപകടം അടക്കമുള്ള അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള എമർജൻസ് സോണിന്റെ ചുമതല അഡ്മിനിസ്ട്രേഷൻ ഡി.സി.പി എൻ. രമേശ് കുമാറിനുമായിരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ആകാശ നിരീക്ഷണത്തിന് ഡ്രോണുകളും കൂടാതെ വനിതാ കമാൻഡോ സംഘവും സുരക്ഷയുടെ ഭാഗമാകും. ആറ്റുകാലിലും പരിസര പ്രദേശങ്ങളിലും 65−ൽപരം സി.സി.ടി.വി ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. കേരളാ പോലീസിന് പുറമെ തമിഴ്നാട് പോലീസും സുരക്ഷയ്ക്കെത്തുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഇത്ത വണ ഒരു റോഡ് എമർജൻസി പാതയാക്കും. സന്നദ്ധ സംഘടനകളുടെയും വിവിധ വകുപ്പുകളുടെയും 65−ൽപരം ആംബുലൻസുകൾ സുരക്ഷയുടെ ഭാഗമാകും.
നാല് എസ്.പിമാർ, 25 ഡിവൈ.എസ്.പിമാർ, 12 വനിതാ സി.ഐമാർ ഉൾപ്പെടെ 65 സി.ഐമാർ, 450 എസ്.ഐമാർ, 1200 വനിതാ പോലീസുകാർ, 2300 പോലീസുകാർ ഉൾപ്പെടെയുള്ള പോലീസ് സംഘമാണ് പൊങ്കാല ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.
പൊങ്കാലയുടെ ഭാഗമായി പാതവക്കുകളിൽ േസ്റ്റജുകളും ആർച്ചുകളും കെട്ടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തിന് ശബ്ദമലിനീകരണം ഇടയാക്കരുതെന്നും കമ്മീഷണർ അറിയിച്ചു.
പോലീസിന്റെ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. നിർബന്ധിത പണപ്പിരിവുകളും ഗതാഗതതടസം സൃഷ്ടിക്കുന്ന വിധത്തിലുള്ള വഴിയോരകച്ചവടവും വിലക്കിയിട്ടുണ്ട്. ഭക്തജനങ്ങൾക്ക് അന്നദാനവും ശീതളപാനീയവും വിതരണം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ബന്ധപ്പെട്ട അധികാരികളിൽ നിന്നും അനുമതി വാങ്ങേണ്ടതാണെന്നും കമ്മീഷണർ അറിയിച്ചു. പൊങ്കാല ഡ്യൂട്ടിക്ക് വരുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരും ആംബുലൻസ് ഡ്രൈവർമാരും ഉൾപ്പെടെയുള്ളവർ തിരിച്ചറിയൽ കാർഡുകൾ കരുതിയിരിക്കണം.
ഉത്സവ മേഖലകളിൽ സംശയകരമായ സാഹചര്യത്തിൽ ആളുകളെയൊ വസ്തുക്കളൊ കാണുന്ന പക്ഷം വിവരം അറിയിക്കണമെന്നും കമ്മീഷണർ അറിയിച്ചു.

