ബഹ്റൈനിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അഫ്സലിന് ഐ.സി.എഫ് വീട് നിർമ്മിച്ചു നൽകും
മനാമ: മോഷ്ടാക്കൾ രണ്ടാംനിലയിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ട് ബഹ്റൈനിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി അഫ്സലി(30)ന് സംഘടനയുടെ ദാറുൽ ഖൈർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു കൊടുക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു. പദ്ധതിയിൽ ഐ.സി.എഫ് നിർമ്മിച്ചുകൊടുക്കുന്ന 49ാം വീടാണ് അഫ്സലിന്റെത്. ഈ വർഷത്തെ പത്താമത്തെതും.
ഐ.സി.എഫ് നേതാക്കളായ എം.സി അബ്ദുൽ കരീം, ശമീർ പന്നൂർ, ഇ. അബ്ദുറഹീം, സി.എബ്. അശ്റഫ് ഹാജി, അബൂബക്കർ സഖാഫി, ഷാനവാസ് മദനി, അസീസ് കാസറഗോഡ് തുടങ്ങിയവർ ഇന്നലെ അഫ്സലിനെ സന്ദർശിക്കുകയും അഫ്സലിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ നേരിൽ ബോധ്യപ്പെടുകയുമായിരുന്നു. സ്ഥലം ലഭ്യമായാലുടൻ വീട് പണി ആരംഭിക്കുമെന്നും സുമനസ്സുകളുടെ സഹകരണത്തോടെ പെട്ടെന്ന് തന്നെ പൂർത്തിയാക്കുമെന്നും ഐ.സി.എഫ് പ്രസിഡണ്ട് കെ.സി സൈനുദ്ദീൻ സഖാഫി, ജനറൽ സെക്രട്ടറി എം.സി അബ്ദുൽ കരീം, ക്ഷേമകാര്യ പ്രസിഡണ്ട് പി.എം സുലൈമാൻ ഹാജി, സെക്രട്ടറി ശമീർ പന്നൂർ എന്നിവർ അറിയിച്ചു.

