വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കരുത് : പാർലമെന്റംഗം


മനാമ : വിദ്യാർത്ഥികളുടെ പഠനപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിനെതിരെ പാർലമെന്റ് അംഗം രംഗത്ത്. മുഹമ്മദ് അൽ മരീഫി എം.പിയാണ്  വിദ്യാർത്ഥികളുടെ മേൽ അമിത ഫീസ് അടിച്ചേൽപ്പിക്കുന്ന സ്വകാര്യ സ്കൂളുകളുടെ രീതി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. 

സ്വകാര്യ സ്കൂളുകൾക്ക് അഞ്ച് ശതമാനം ഫീസ് വർദ്ധിപ്പിക്കാൻ അനുമതി നൽകിയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തെ താത്കാലികമായി തടഞ്ഞ ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന് അദ്ദേഹം നന്ദി പറഞ്ഞു. രാജാവിന്റെ ഉത്തരവ് ഫീസ് വർദ്ധനയിൽനിന്ന് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ സംരക്ഷിക്കുന്നതും രാജ്യത്ത് വിദ്യാഭ്യാസ പ്രക്രിയയെ വളരെയേറെ സഹായിക്കുന്നതും പണപ്പെരുപ്പത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷ നേടാൻ നിർണ്ണായകവുമാണെന്നും എം.പി അഭിപ്രായപ്പെട്ടു. മന്ത്രിസഭയുടെ നേരത്തെയുള്ള തീരുമാനത്തിനെതിരെയുള്ള എതിർപ്പ് നേരത്തെ തന്നെ അൽ മരീഫി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളെ ചൂഷണം ചെയ്യുന്ന  ചില സ്കൂളുകൾക്ക് അനുവാദം നൽകുന്ന ബുദ്ധിശൂന്യമായ തീരുമാനമാണിതെന്ന് അദ്ദേഹം വിമർശിച്ചിരുന്നു.

രാജ്യത്തെ ജനങ്ങൾ ഇപ്പോൾ അസാധാരണ സാന്പത്തിക സാഹചര്യങ്ങളിലാണെന്നും, ഫീസ് വർദ്ധിപ്പിച്ചാൽ മാതാപിതാക്കളുടെ മേൽ അമിതമായി സാന്പത്തികഭാരം ഏറുമെന്നും അൽ മരീഫി പറഞ്ഞു. ബഹ്‌റൈനിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാർ പൊതുമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കണമെന്നും രാജ്യ വികസനത്തിൽ പിന്തുണ നൽകണമെന്നും അൽ മരീഫി ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed