ഫുഡ് ട്രക്കുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ: ബഹ്റൈനിൽ ഉടനീളം 289 കേന്ദ്രങ്ങൾ അനുവദിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ഫുഡ് ട്രക്ക് മേഖലയെ നിയന്ത്രിക്കുന്നതിനും കൂടുതൽ സുതാര്യമാക്കുന്നതിനുമായി പുതിയ നടപടികൾ പ്രഖ്യാപിച്ച് നോർത്തേൺ മുൻസിപ്പൽ കൗൺസിൽ. വ്യവസ്ഥകൾ പാലിക്കുന്നതിനായി ഫുഡ് ട്രക്ക് ഉടമകൾക്ക് 2027 ജനുവരി വരെ സമയം അനുവദിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം ഫുഡ് ട്രക്കുകൾക്കായി 289 കേന്ദ്രങ്ങളാണ് നിലവിൽ നീക്കിവെച്ചിട്ടുള്ളതെന്ന് നോർത്തേൺ ഏരിയ മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചി. മുഹമ്മദ് സാദ് അൽ സഹ്ലി വ്യക്തമാക്കി. ഈ ലൊക്കേഷനുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴിയാണ് സ്വീകരിക്കുന്നത്. കോവിഡ് കാലഘട്ടത്തിലാണ് രാജ്യത്ത് ഫുഡ് ട്രക്ക് മേഖലയിൽ വൻ വർദ്ധനവുണ്ടായത്.
സിവിൽ ഡിഫൻസ്, ആരോഗ്യ മന്ത്രാലയം, ട്രാഫിക് ഡയറക്ടറേറ്റ്, മുൻസിപ്പാലിറ്റി എന്നിവയുടെ നിലവിലുള്ള സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങൾ തന്നെയാണ് പുതിയ സംവിധാനത്തിലും പിന്തുടരുന്നത്. അപേക്ഷകർക്ക് അവബോധം നൽകുന്നതിനായി ആറു മാസത്തെ ഗ്രേസ് പിരീഡും ബോധവൽക്കരണ ക്യാമ്പയിനും ഇപ്പോൾ നടന്നുവരികയാണ്. ഇതിന് ശേഷം വ്യവസ്ഥകൾ പൂർണ്ണമായി നിർബന്ധമാക്കും.
അതേസമയം, പ്രമുഖ റെസ്റ്റോറന്റുകൾക്കും ഫുഡ് ട്രക്ക് ലൈസൻസ് നൽകുന്നത് ചെറുകിട വ്യാപാരികൾക്ക് കടുത്ത മത്സരമുണ്ടാക്കുമെന്ന ആശങ്കയും കൗൺസിലിൽ ഉയർന്നു. വലിയ മൂലധനമുള്ള റെസ്റ്റോറന്റുകളോട് മത്സരിക്കാൻ ചെറുകിട ഫുഡ് ട്രക്ക് ഉടമകൾ പ്രയാസപ്പെടുമെന്ന് കൗൺസിൽ അംഗം ബാസിം അലി അബൂഇദ് രീസ് ചൂണ്ടിക്കാട്ടി. കൂടാതെ, സാർ , ഹമദ് ടൗൺ തുടങ്ങിയ പ്രദേശങ്ങളിലും ഫുഡ് ട്രക്കുകൾക്കായി കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
EEFEDED

