ബഹ്‌റൈനിൽ പ്രതിദിനം പാഴാക്കുന്നത് 400 ടണ്ണിലധികം ഭക്ഷണം: കടുത്ത ആശങ്കയെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ പ്രതിദിനം 400 ടണ്ണിലധികം ഭക്ഷണം പാഴാക്കി കളയുന്നതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്റെ റിപ്പോർട്ട്. റമദാൻ മാസങ്ങളിൽ ഇത് 600 ടണ്ണിലധികമായി ഉയരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അറബ് രാജ്യങ്ങളിൽ വീടുകളിൽ നിന്ന് ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യമായി ബഹ്‌റൈൻ മാറിയതായി യു.എൻ എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഫുഡ് വേസ്റ്റ് ഇൻഡക്സ് സൂചിപ്പിക്കുന്നു. ഇവിടെ ഒരാൾ പ്രതിവർഷം ശരാശരി 132 കിലോഗ്രാം ഭക്ഷണമാണ് ചവറ്റുകുട്ടയിലേക്ക് തള്ളുന്നത്.
പ്രതിവർഷം ഏകദേശം 1,46,000 ടൺ ഭക്ഷണമാണ് രാജ്യത്ത് പാഴാകുന്നത്. ഇതിന്റെ സാമ്പത്തിക മൂല്യം 9.5 കോടി ദീനാറോളം (95 Million BD) വരുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമായ അസ്കർ ലാൻഡ്‌ഫില്ലിൽ എത്തുന്ന ആകെ മാലിന്യത്തിന്റെ പകുതിയോളം ഭക്ഷണ അവശിഷ്ടങ്ങളാണെന്നത് വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു.
എന്നാൽ, ഇത്തരത്തിൽ പാഴാകുന്ന ഉപയോഗയോഗ്യമായ മിച്ച ഭക്ഷണം ശേഖരിച്ച് അർഹരായവരിലേക്ക് എത്തിക്കാൻ 'കൺസർവിംഗ് ബൗണ്ടീസ് സൊസൈറ്റിയുടെ' കീഴിലുള്ള ബഹ്‌റൈൻ ഫുഡ് ബാങ്ക് പോലുള്ള കൂട്ടായ്മകൾ രംഗത്തുണ്ട്. 2014-ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, വിവാഹച്ചടങ്ങുകൾ എന്നിവടങ്ങളിൽ നിന്ന് തൊടാത്ത മിച്ച ഭക്ഷണം ശേഖരിച്ച് വൃത്തിയായി പാക്ക് ചെയ്ത് നിർദ്ധന കുടുംബങ്ങൾക്കും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും എത്തിച്ചുനൽകുന്നു.
കഴിഞ്ഞ വർഷം മാത്രം 66 സ്ഥാപനങ്ങളുമായി സഹകരിച്ച് 230 ടൺ ഭക്ഷണമാണ് സൊസൈറ്റി ഇത്തരത്തിൽ വീണ്ടെടുത്തത്. 2024-ൽ ഇത് 183 ടണ്ണായിരുന്നു. കൂടാതെ, ഭക്ഷണം പാഴാകുന്നത് തടയാൻ മുഹറഖ് മുൻസിപ്പാലിറ്റിയും സൊസൈറ്റിയുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. വിതരണം ചെയ്യാൻ സാധിക്കാത്ത ഭക്ഷണാവശിഷ്ടങ്ങൾ ജൈവവളമാക്കി മാറ്റാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഇതിന് പുറമെ ഹോട്ടലുകളിലും ബെക്കറികളിലും ബാക്കിവരുന്ന ഭക്ഷണപദാർത്ഥങ്ങൾ 70 ശതമാനം വരെ വിലക്കുറവിൽ നൽകുന്ന മൊബൈൽ ആപ്പുകളും സജീവമാണ്. എങ്കിലും, വീടുകളിൽ ആവശ്യത്തിന് മാത്രം ഭക്ഷണം പാകം ചെയ്യുകയും ആസൂത്രണം നടത്തുകയുമാണ് ഏറ്റവും വലിയ പരിഹാരമാർഗ്ഗമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
DFFFGG

