വാഹനങ്ങളിൽ പണവും പാസ്‌പോർട്ടും സൂക്ഷിക്കരുത്
മനാമ: പണവും പാസ്പോർട്ടുകളും മറ്റ് അത്യാവശ്യ രേഖകളും വാഹനങ്ങളിൽ സൂക്ഷിച്ചു വെക്കുന്നത് മോഷ്ടാക്കൾക്ക് അനുഗ്രഹമാകുന്നുണ്ട്. താമസ സ്ഥലങ്ങൾ സുരക്ഷിതമല്ലാത്ത കാരണത്താലാണ് വാഹനങ്ങളിൽ അവ സൂക്ഷിക്കുന്നതെങ്കിലും പലരുടെയും പണവും രേഖകളും അപഹരിക്കപ്പെടുന്നുണ്ട്.
സി.പി.ആർ പുതുക്കാത്തവർ, ഫ്രീ വിസയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർ പലരും ഇത്തരം മോഷണം പോലീസിൽ റിപ്പോർട്ട് ചെയ്യാത്തത് കാരണം മോഷ്ടാക്കൾ സ്വൈര്യ വിഹാരം നടത്തുകയാണ്. കഴിഞ്ഞ മാസം ഉമ്മൽ ഹസത്ത് നിന്നും മലയാളി വാഹനത്തിൽ സൂക്ഷിച്ച 400 ദിനാർ മോഷണം പോയതിനെ തുടർന്ന് അദ്ദേഹത്തിന് കന്പനിയിലെ ജോലി തന്നെ നഷ്ടപ്പെടുകയുണ്ടായി. സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവർ, കളക്ഷൻ ജീവനക്കാർ തുടങ്ങിയവരാണ് ഇത്തരത്തിൽ മോഷണങ്ങൾക്ക് ഇരയാകുന്നത്. നിർത്തിയിടുന്ന വാഹനങ്ങൾ ലക്ഷ്യമാക്കിയുള്ള വലിയൊരു കവർച്ചാ സംഘം തന്നെ ബഹ്‌റൈന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ആൾ താമസമില്ലാത്ത സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുന്നവർ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

