ബഹ്‌റൈൻ - സൗദി യാത്ര ഇനി കൂടുതൽ എളുപ്പം: 'വൺ സ്റ്റോപ്പ്' യാത്രാ സംവിധാനം അവസാന ഘട്ടത്തിലേക്ക്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനും സൗദി അറേബ്യയ്ക്കുമിടയിൽ കോസ്‌വേ വഴിയുള്ള യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള 'വൺ സ്റ്റോപ്പ്' (One-stop) യാത്രാ സംവിധാനം നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. കിങ് ഫഹദ് കോസ്‌വേ വഴിയുള്ള യാത്രക്കാരുടെ സർവീസുകൾ കൂടുതൽ വേഗത്തിലാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൗദി-ബഹ്‌റൈനി കോ-ഓർഡിനേഷൻ കൗൺസിലിന്റെ സെക്യൂരിറ്റി കമ്മിറ്റി വീഡിയോ കോൺഫറൻസ് വഴി നടത്തിയ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അൽ സൗദ് എന്നിവർ യോഗത്തിൽ സംയുക്തമായി അധ്യക്ഷത വഹിച്ചു.
പുതിയ 'വൺ സ്റ്റോപ്പ്' പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ യാത്രക്കാർക്ക് ഒരൊറ്റ പോയിന്റിൽ തന്നെ എല്ലാ യാത്രാ പരിശോധനകളും പൂർത്തിയാക്കാൻ സാധിക്കും. ഇതോടെ അതിർത്തികളിൽ ആവർത്തിച്ചുള്ള സുരക്ഷാ, പാസ്‌പോർട്ട് പരിശോധനകൾ ഒഴിവാക്കാനാകും. അതിർത്തി കടക്കുന്നതിനുള്ള കാത്തിരിപ്പ് സമയം വലിയ തോതിൽ കുറയ്ക്കാനും യാത്രാനുഭവം സുഗമമാക്കാനും വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കാനും യാത്രാ നടപടികൾ പൂർണ്ണമായി ലളിതമാക്കുന്ന മൂന്നാം ഘട്ടം വേഗത്തിൽ പൂർത്തിയാക്കാനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്. ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ തടസ്സമില്ലാത്ത യാത്രാ സൗകര്യം ഒരുക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ഈ വർഷം ഫെബ്രുവരി 16-നാണ് പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണത്തിനായി ബഹ്‌റൈനെയും യു.എ.ഇയെയും തിരഞ്ഞെടുത്തത്.
േ്േ്ി

