ലോയയുടെ മരണം : ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും
ന്യൂഡൽഹി : സി.ബി.ഐ പ്രത്യേക ജഡ്ജ് ബി.എച്ച് ലോയയുടെ വിവാദമായ ദുരൂഹ മരണം സംബന്ധിച്ച കേസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസ് മുന്പ് പരിഗണിച്ചിരുന്ന ജസ്റ്റിസ് അരുൺ മിശ്ര പിന്മാറിയ സാഹചര്യത്തിലാണിത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാൻവിൽക്കർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഹർജിയിൽ ജനുവരി 22 മുതൽ വാദം തുടങ്ങും.
ലോയ കേസ് താരതമ്യേന ജൂനിയറായ അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിനെ ഏൽപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധവുമായി നാല് മുതിർന്ന ജഡ്ജിമാർ രംഗത്തെത്തിയത്. സൊഹ്റാബുദ്ദീൻ ഷെയ്ഖ് വധക്കേസിൽ വാദംകേട്ട ജഡ്ജി ലോയയുടെ മരണം സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റിസിന് അമിത താൽപ്പര്യമുള്ള ബെഞ്ചിന് വിട്ടതായിരുന്നു സുപ്രീംകോടതിയിലെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ പ്രതിയായിരുന്ന കേസിൽ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് 2014 ഡിസംബർ ഒന്നിന് ലോയയെ നാഗ്പൂരിലെ ഗസ്റ്റ് ഹൗസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജഡ്ജിയുടെ മരണത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ കുടുംബത്തിന് സംശയങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എ.പി ഷാ ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം അഭിഭാഷകരുടെ സംഘടകളും ഹർജി നൽകി.

