ഇനി പരീക്ഷാക്കാലം; തയ്യാറെടുത്ത് വിദ്യാർ‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും


മനാമ: ബഹ്‌റൈനിലെ ഈ തണുപ്പ് കാലത്തും ചിലരുടെ മനസിൽ നല്ല ചൂടാണ്. സി.ബി.എസ്.സി പത്തും പന്ത്രണ്ടും സ്‌കൂളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചതോടെയാണിത്. വിദ്യാർ‍ത്ഥികൾ‍ക്കൊപ്പം അദ്ധ്യാപകരും മാതാപിതാക്കളും ഒരുപോലെ പരീക്ഷയെ നേരിടാൻ ഒരുങ്ങി കഴിഞ്ഞു. പത്താം ക്ലാസ് പരീക്ഷ മാർച്ച് ആറിനും, പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാർച്ച് അഞ്ചിനുമാണ് ആരംഭിക്കുന്നത്. വിവിധ സി.ബി.എസ്.ഇ സ്കൂളുകളിലായി എഴുനൂറോളം കുട്ടികൾ ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. ഏകദേശം അറുനൂറ് കുട്ടികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ പത്തും പന്ത്രണ്ടും ക്ലാസുകളിലെ പരീക്ഷാ വിജയത്തെ ആശ്രയിച്ചാണ് മികച്ച രീതിയിലുള്ള തുടർ വിദ്യാസം എന്നത് കൊണ്ടാണ് മാതാപിതാക്കളും അദ്ധ്യാപകരും പരീക്ഷാകാലത്തെ വളരെ ഗൗരവത്തോടുകൂടി സമീപിക്കുന്നത്. 

ഉന്നത വിജയം എന്നാൽ ഉയർന്ന മാർക്ക് നേടുക എന്നതിനപ്പുറം ഒന്നുമില്ല എന്ന ചിന്തയിൽ വിദ്യാർത്ഥികളുടെ വിജയത്തിനായി സ്‌കൂളുകളും മാതാപിതാക്കളും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. പരീക്ഷ തുടങ്ങാൻ ഇനിയും രണ്ട് മാസം ഉണ്ടെങ്കിലും കുട്ടികളിൽ ആത്മ വിശ്വാസവും, ഏകാഗ്രതയും വളർത്തിയെടുക്കുന്നതിനായി പല സ്‌കൂളുകളിലും യോഗ ക്ലാസുകൾ, മോട്ടിവേഷണൽ ക്ലാസുകൾ എന്നിവ ആരംഭിച്ചു കഴിഞ്ഞു. കാരണം ഏകാഗ്രത കുറവ്, അമിത ക്ഷീണം, ഉറക്കമില്ലായ്മ, കാലാവസ്ഥ, രോഗങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ കുട്ടികളെ അലട്ടുന്നതായും മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പല മാതാപിതാക്കളും പരാതിപ്പെടുന്നുണ്ട്. മിക്ക ട്യൂഷൻ കേന്ദ്രങ്ങളിലും ഇപ്പോൾ‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം തന്നെ ആത്മവിശ്വാസം വർ‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആരാധാനാലയങ്ങളിൽ വഴിപാടും, പ്രാർ‍ത്ഥനകളുമായി എത്തുന്നവരും വർ‍ദ്ധിച്ചിട്ടുണ്ട്.

 

ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഒരേ സമയത്താണ് പരീക്ഷ നടക്കുക. പരീക്ഷാതീയതി നേരത്തെ പ്രഖ്യാപിച്ചത് മക്കളുടെ പരീക്ഷയ്ക്ക് ശേഷം നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്ന മാതാപിതാക്കൾക്ക് ആശ്വാസമാകും. മാർച്ച് ആറിന് ആരംഭിക്കുന്ന പത്താം ക്ലാസിലെ പരീക്ഷ ഏപ്രിൽ രണ്ടിന് അവസാനിക്കും. അതേസമയം മാർച്ച് അഞ്ചിന് ആരംഭിക്കുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 12ന് അവസാനിക്കും. പ്രവാസികളെ സംബന്ധിച്ച് പ്ലസ് ടു കഴിഞ്ഞുള്ള ഉന്നത വിദ്യാഭ്യാസത്തിന് ബഹ്റൈനിൽ‍ പരിമിതമായ സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ലോക കേരള സഭയിൽ പ്രവാസികളായ വിദ്യാർ‍ത്ഥികൾ‍ക്ക് തുടർ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കി തരണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed