പെട്രോൾ വില വർദ്ധനവ്: അമിത ഇന്ധന ഉപയോഗം നിയന്ത്രിക്കാം
മനാമ: രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന പെട്രോൾ വില വർദ്ധനവ് പ്രവാസജീവിതത്തിലും ചിലവ് വർദ്ധിപ്പിച്ചു. നേരത്തേ പെട്രോൾ വില ലിറ്ററിന് 125 ഫിൽസിന് നൽകിയിരുന്ന ജായിദ് പെട്രോൾ ഇനി മുതൽ 140 ഫിൽസും, 160 ഫിൽസിന് നൽകിയിരുന്ന മുംതാസ് പെട്രോൾ 200 ഫിൽസുമാണ് ഇപ്പോൾ നൽകുന്നത്. പൊതുവേ ജീവിത ചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ അൽപം കരുതലോടെ നീങ്ങിയാൽ ഇന്ധന ഉപഭോഗം 30 ശതമനം വരെ കുറയ്ക്കാൻ കഴിയും. അതിനായുള്ള ചില മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.
പരമാവധി പൊതുഗത സൗകര്യത്തെ ഉപയോഗപ്പെടുത്തുകയും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രമിക്കുക.
വാഹനങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പ് വരുത്തുക. കൃത്യമായ ഇടവേളകളിൽ സർവ്വീസ് നടത്തി എഞ്ചിന്റെ പ്രവർത്തനം ശരിയായ രീതിയിലാക്കുക.
വാഹന നിർമ്മാതാക്കൾ നിർദ്ദേശിക്കുന്ന തരത്തിൽ ടയറുകളിലെ മർദ്ദം നിലനിർത്തുക. ഇതിലൂടെ മൂന്ന് ശതമാനം വരെ ഇന്ധന ലാഭം നേടാം.
ആക്സിലറേറ്റർ അമിതമായി ഉപയോഗിക്കാതിരിക്കുന്നതിലൂടെ എഞ്ചിനിലേയ്ക്കുള്ള ഇന്ധന ഒഴുക്ക് കുറഞ്ഞ നിലയിൽ തന്നെ നിർത്താവുന്നതാണ്. ഇതിലൂടെ 15 മുതൽ 20 ശതമാനം വരെയാണ് ഇന്ധന ലാഭമുണ്ടാവുന്നത്.
വാഹനങ്ങളിലെ എയർ കണ്ടീഷനുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുക. അത്യാവശ്യ സമയങ്ങളിൽ മാത്രം എയർ കണ്ടീഷൻ ഉപയോഗിക്കുക.
സിഗ്നലുകളിൽ ഏറെ നേരം കാത്തിരിക്കേണ്ട സന്ദർഭങ്ങളിലും ഗതാഗത കുരുക്കുകളിൽ അകപ്പെടുന്പോഴും റോഡരികിലെ കടകളിൽ നിന്നും സാധനങ്ങൾക്കായി കാത്ത് നിൽക്കുന്പോഴും എഞ്ചിൻ ഓഫാക്കാം.
അനാവശ്യമായി ഭാരം കയറ്റി വാഹനങ്ങൾ ഓടിക്കുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കുക

