ഇറാ­നിൽ‍ ജനങ്ങൾ­ക്കെ­തി­രാ­യു­ള്ള അതി­ക്രമങ്ങളെ­ അപലപി­ച്ച് ബഹ്റൈൻ പൗരന്മാരും


മനാമ : ഏതാനും ദിവസങ്ങളായി ഇറാനിലെ 80 പട്ടണങ്ങളിലായി നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ 21 പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പട്ട് ഉണ്ടായി വരുന്ന സംഭവവികാസങ്ങളെ അപലിപ്പിച്ച് ബഹ്റൈൻ പൗരന്‍മാരും രംഗത്ത്. ഇറാന്‍ ബന്ധമുള്ള നിരവധി പേരാണ് ബഹ്റൈനിൽ‍ പൗരത്വം നേടിയോ അല്ലാതെയോ താമസിച്ച് വരുന്നത്. അതുകൊണ്ട് തന്നെ ഇറാനിൽ‍ നടക്കുന്ന പ്രക്ഷോഭങ്ങളിൽ‍ ഏറെ ആശങ്കാകുലരാണ് ഇവർ‍.

ഇറാൻ അനുകൂലിക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അന്ത്യമാണ് ഈ പ്രക്ഷോഭങ്ങൾ‍ സൂചിപ്പിക്കുന്നതെന്നും, തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായാണ് ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതെന്നും മനാമയിൽ നിന്നുള്ള അബ്ദുള്ള പറഞ്ഞു. ഇറാനിലെ ജനങ്ങൾ ഈ ഭരണത്തിൽ നിന്ന് സ്വതന്ത്രമാക്കപ്പെടേണ്ടതുണ്ടെന്നും അവിടെയുള്ളവരുടെ ദാരിദ്ര്യം ക്രമാതീതമായി വർ‍ദ്ധിച്ചതായും, ലോകത്തിൽ‍ നിന്ന് തന്നെ ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോൾ‍ ഇവിടെ ജീവിക്കുന്നവരെന്നും അദ്ദേഹം ആരോപിക്കുന്നു.

അധികാരത്തിൽ തുടരുന്നതിന് വേണ്ടി കൂട്ടകൊലകൾ‍ നടക്കുന്ന സിറിയയെ പോലെ ഇറാൻ ആകില്ലെന്നും, ഇവിടെയുള്ള ജനങ്ങൾക്ക് ഭരണകൂട ഭീകരതയെ എതിർ‍ത്ത് തോൽ‍പ്പിക്കാൻ സാധിക്കുമെന്നും ഇസാടൗണിൽനിന്നുള്ള ഫാത്തിമ പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനിലെ ഇസ്ലാമിക് ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര സമൂഹം കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്നും ജനാധിപത്യത്തിന് വേണ്ടി സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും മനാമയിൽനിന്നുള്ള മറിയം പറയുന്നു. ഇറാനിലെ ദാരിദ്ര്യവും തൊഴിൽ അവസരങ്ങളുടെ അഭാവവുമാണ് പ്രക്ഷോഭത്തിന് കാരണമെന്ന് റിഫയിൽനിന്നുള്ള ഖാലിദ് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed