സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് പ്രവാസലോകം
മനാമ : ഇന്ത്യയുടെ 71ാമത് സ്വാതന്ത്ര്യ ദിനം ബഹ്‌റൈനിൽ വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സീഫിലെ പുതിയ ഇന്ത്യൻ എംബസി കെട്ടിടത്തിൽ െവച്ചാണ് സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങുകൾ നടന്നത്. അംബാസിഡർ അലോക് കുമാർ സിൻഹ പതാക ഉയർത്തി. തുടർന്ന് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു. തുടർന്ന് ദേശ ഭക്തിഗാനങ്ങളും ഉണ്ടായിരുന്നു. ഐ.സി.ആർ.എഫ്, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. പുതിയ ഇന്ത്യൻ എംബസിയുടെ വിശാലമായ നടുമുറ്റത്ത് പരിപാടി സംഘടിപ്പിച്ചത് കൊണ്ട് തന്നെ ഇത്തവണ നിരവധി പേരാണ് പതാക ഉയർത്തൽ ചടങ്ങിൽ സംബന്ധിക്കാനെത്തിയത്. കഠിനമായ ചൂട് വകവെയ്ക്കാതെ പിഞ്ച് കുഞ്ഞുങ്ങളടക്കമുള്ള ദേശസ്നേഹികൾ അതി രാവിലെ തന്നെ സീഫിലേയ്ക്ക് ഒഴുകുകയായിരുന്നു. തുടർന്ന് ഇന്ത്യൻ എംബസി കെട്ടിടം എല്ലാവരും നടന്ന് കാണുകയും ചെയ്തു.
ഇന്ത്യൻ ക്ലബ്ബിൽ രാവിലെ 7 മണിക്ക് പതാക ഉയർത്തി. പ്രസിഡണ്ട് ക്യാഷ്യസ് പെരേര പതാക ഉയർത്തി. എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികളും മറ്റ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ രാവിലെ പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പതാക ഉയർത്തി. സെക്ര
ട്ടറി വീരമണി, കമ്മിറ്റി ഭാരവാഹികൾ, വിദ്യാർത്ഥികൾ തുടങ്ങിയവരും സംബന്ധിച്ചു.
ഇന്ത്യൻ സ്‌കൂൾ ബഹ്റൈനിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ സ്‌കൂളിന്റെ ഇസാടൗൺ ക്യാന്പസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇന്ത്യൻ സ്‌കൂൾ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഡോ. സജി ആന്റണി, മെന്പർ ഫിനാൻസ് എസ്.കെ രാമചന്ദ്രൻ, മെന്പർ അക്കാദമിക്സ് ഖുർഷീദ് മുഹമ്മദ് ആലം, ഇന്ത്യൻ സ്‌കൂൾ ഇസാടൗൺ ക്യാന്പസ് പ്രിൻസിപ്പൽ ഇൻ−ചാർജ് ട്രെവിസ് മിഷേൽ, റിഫ ക്യാന്പസ് പ്രിൻസിപ്പാൾ സുധീർ കൃഷ്ണൻ, വൈസ് പ്രിൻസിപ്പാൾ പാമില സേവിയർ എന്നിവരും ഇരുക്യാന്പസുകളിലെയും അദ്ധ്യാപകരും മറ്റ് ജീവനക്കാരും സന്നിഹിതരായിരുന്നു. സ്‌കൂൾ കായിക വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ പരിപാടിക്ക് നേതൃത്വം നൽകി.
കേരളാ സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ സ്വാതന്ത്ര്യദിനം ഗുദൈബിയയിലുള്ള ആസ്ഥാന മന്ദിരത്തിൽ െവച്ച് ആഘോഷിച്ചു. രാവിലെ 6:30ന് കെ.എസ്.സി.എ സെക്രട്ടറി മനോജ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് പന്പാവാസൻ നായർ പതാകയുയർത്തി. സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ.എസ്.സി.എ എക്സിക്യുട്ടീവ് അംഗങ്ങളും, ഫൗണ്ടർ മെന്പർമാരും മറ്റ് അംഗങ്ങളും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. ദേശീയ ഗാനാലാപനത്തോടെ പരിപാടികൾ പരിസമാപിച്ചു.
ഗുരുദേവ സോഷ്യൽ സൊസൈറ്റി കാനു ഗാർഡന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചെയർമാൻ കെ. ചന്ദ്രബോസ് ദേശീയ പതാക ഉയർത്തി. ജി.എസ്.എസ് പ്രധിനിധികളും ജി.എസ്.എസ് വൈസ് ചെയർമാൻ വി.എൻ ഭദ്രൻ, ജനറൽസെക്രട്ടറി പി. ശശിധരൻ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും, അഭ്യുദയകാംക്ഷികളും പങ്കെടുത്തു.
ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ്.എൻ.സി.എസ് ചെയർമാൻ പവിത്രൻ കെ.വി പതാക ഉയർത്തി. സെക്രട്ടറി സുനീഷ് സുശീലൻ എസ്.എൻ.സി.എസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ പവിത്രൻ പൂകെട്ടി, സോമാനന്ദൻ, ഷൈൻ സി, മുൻ സെക്രട്ടറി ബൈജു ദാമോധരൻ, വനിത പ്രതിനിധി പ്രസീദാ പവിത്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബഹ്‌റൈൻ ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യ ദിന പരിപാടികൾ നടന്നു. സൽമാനിയ സഖയ്യ റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി പ്രസിഡണ്ട് ബിനു കുന്നംന്താനം അദ്ധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം പരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ മുഖ്യ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡണ്ട് ലത്തീഫ് ആയഞ്ചേരി, യൂത്ത് വിംഗ് പ്രസിഡണ്ട് ഇബ്രാഹിം അദ്−ഹം, വനിതാ വിംഗ് പ്രസിഡണ്ട് ഷീജ നടരാജ്, ജവാദ് വക്കം, മനു മാത്യു, രവി സോള, ചെന്പൻ ജലാൽ, ജമാൽ കുറ്റിക്കാട്ടിൽ, ജസ്റ്റിൻ ജേക്കബ്, എബ്രഹാം ശാമുവേൽ, നിസാമുദ്ദീൻ, രാഘവൻ കാണിച്ചേരി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ബോബി പാറയിൽ നന്ദി പറഞ്ഞു.

