80 കന്പനി­കൾ വേ­നൽ­ക്കാ­ല തൊ­ഴിൽ നി­രോ­ധം ലംഘി­ച്ചു­


മനാമ : രാജ്യത്ത് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന വേനൽക്കാല തൊഴിൽ നിരോധനം 80 കന്പനികൾ ലംഘിച്ചതായി റിപ്പോർട്ട്. നിയമ ലംഘനം  നടത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും തൊഴിൽ − സാമൂഹ്യ വികസന വകുപ്പ് മന്ത്രാലയത്തിന്റെ ലേബർ അഫേഴ്സ് അണ്ടർ സെക്രട്ടറി സബാ അൽ ദോസരി പറഞ്ഞു. മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനകളിൽ 80 കന്പനികളുടെ 155 തൊഴിലാളികൾ നിരോധന സമയത്ത് തൊഴിൽ ചെയ്തതായി കണ്ടെത്തി.

രണ്ട് മാസം നീണ്ട നിരോധനപ്രകാരം ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 4 മണിവരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ തൊഴിൽ എടുപ്പിക്കുന്നത് നിയമവിരുദ്ധമാണ്. രാജ്യത്ത് ചൂട് 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകുന്പോൾ സൂര്യാഘാതം ഉൾപ്പെടെ ചൂട് മൂലമുണ്ടാകുന്ന അസുഖങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് 2007 മുതൽ ഏർപ്പെടുത്തിയ നിരോധനത്തിന്റെ ലക്ഷ്യം. ഈ കാലയളവിൽ രാജ്യത്തെ താപനില 46 ഡിഗ്രി സെൽഷ്യസിൽ കൂടാറുണ്ട്. നിരോധനം ലംഘിക്കുന്ന കന്പനികൾ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് ജോലി ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും 500 ബഹ്‌റൈൻ ദിനാർ മുതൽ 1,000 ബഹ്‌റൈൻ ദിനാർ വരെ പിഴ ഈടാക്കേണ്ടതുണ്ട്. തൊഴിലാളികൾ ഈ സമയത്ത് 5 മണിക്കൂറുകൾ മാത്രം പുറത്ത് തൊഴിൽ ചെയ്താൽ മതിയാകും. നിയമലംഘകരിൽ നിന്ന് 77,500 ബഹ്‌റൈൻ ദിനാർ പിഴ ഇനത്തിൽ ഈടാക്കാമെന്നാണ് കണക്കുകൾ.

എന്നാൽ വേനൽക്കാല തൊഴിൽ നിരോധനം ഈ വർഷം 98 ശതമാനവും നടപ്പാക്കിയിരുന്നു എന്ന് അൽ ദോസരി പറഞ്ഞു. നിർമ്മാണ മേഖലയിലെ കന്പനികളുടെ സഹകരണവും തൊഴിലാളികൾക്കിടയിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്യാന്പയിനും കൊണ്ടാണ് നിരോധനം വിജയകരമായതെന്നും അൽ ദോസരി പറഞ്ഞു. 

പൗരൻമാരുടെ ഇടയിൽ ബോധവൽക്കരണം നടത്തിയ എംബസികളെ അഭിനന്ദിക്കുന്നതായും  നിരോധനം നേരിട്ട് ബാധിക്കുന്ന 1,50,000 തൊഴിലാളികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഔട്ട് ഡോർ കൺസ്‌ട്രക്ഷൻ വർക്ക് സൈറ്റുകളുടെ പട്ടിക പുതുക്കുന്നതിന് തൊഴിൽ − മുനിസിപ്പാലിറ്റി അഫയേഴ്സ് − അർബൻ പ്ലാനിംഗ് മന്ത്രാലയങ്ങളെ ഏകോപിപ്പിക്കുമെന്ന് അൽ ദോസരി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed