127 വർഷത്തിനു ശേഷം ബെംഗളൂരുവിൽ റെക്കോർഡ് മഴ
ബെംഗളൂരു : 127 വർഷത്തിനുശേഷം ബെംഗളൂരുവിൽ പെയ്തിറങ്ങിയത് റെക്കോർഡ് മഴ. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണി മുതൽ രാവിലെ ആറു മണിവരെയുള്ള മൂന്നു മണിക്കൂർ സമയത്ത് നഗരത്തിൽ പെയ്തു തീർന്നത് 180 എംഎം മഴയാണ്. 1890 ഓഗസ്റ്റിലാണ് ഇതിനു സമാനമായ രീതിയിൽ ബെംഗളൂരുവിൽ മഴ പെയ്തിട്ടുള്ളത് എന്നാണ് കണക്ക്. ബിബിഎംപി കമ്മിഷണറാണ് ഇക്കാര്യമറിയിച്ചത്.
അർധരാത്രി പെയ്ത കനത്ത മഴ, നഗരത്തിന്റെ താഴ്ന്ന മേഖലകളിൽ താമസിക്കുന്നവരെ വലച്ചു. വീടുകളും റോഡുകളും സ്ഥാപനങ്ങളുമെല്ലാം വെള്ളത്തിൽ മുങ്ങി. പലയിടത്തും കനത്ത മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞുവീണു വൈദ്യുതി ബന്ധം തടസപ്പെട്ടു. ബെല്ലാൻദുർ തടാകത്തിൽ നിന്നും രാസവസ്തുകൾ അടങ്ങിയ ജലം ഒഴുകുകയാണ്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. തടാകങ്ങൾ നികത്തിയ ഇടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
പ്രശ്നം ഗുരുതരമായിട്ടും നഗരസഭ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ബിബിഎംപി അധികൃതരോട് അടിയന്തരമായി ഓടകൾ വൃത്തിയാക്കാൻ ആവശ്യപ്പെട്ടുവെന്ന് സിറ്റി മേയർ ജി. പദ്മാവദി പറഞ്ഞു. മേയറും ഡപ്യൂട്ടി മേയറും പ്രശ്‌ന ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ചൊവ്വാഴ്ച രാത്രി മഴ ശമിച്ചതോടെ ഗതാഗതം മിക്കയിടങ്ങളിലും പുനഃസ്ഥാപിച്ചിട്ടുണ്ട്.

