ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഡിസംബർ 11-ന്; നാമനിർദ്ദേശ പത്രിക 22 മുതൽ നൽകാം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിന്റെ 2026-ലെ വാർഷിക പൊതുയോഗവും 2026-2029 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ഡിസംബർ 11-ന് വെള്ളിയാഴ്ച ഇസ ടൗൺ കാമ്പസിൽ നടക്കും. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് വാർഷിക പൊതുയോഗം. വോട്ടെടുപ്പ് രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ നടക്കും.
2026 സെപ്റ്റംബർ 25-ന് നടന്ന അസാധാരണ പൊതുയോഗം (EGM) അംഗീകരിച്ച പുതിയ ഭരണഘടന പ്രകാരമാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് സ്കൂൾ ഓണററി സെക്രട്ടറി വി. രാജപാണ്ട്യനും റിട്ടേണിംഗ് ഓഫീസർമാരായ ദിലീപ് കുമാർ മുരളീധർ ഭാട്ടിയ, അനീഷ് അഴീക്കൽ ശ്രീധരൻ, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം എന്നിവരും അറിയിച്ചു. ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നാമനിർദ്ദേശ പത്രികകൾ നവംബർ 22 ഞായറാഴ്ച മുതൽ നവംബർ 29 ഞായറാഴ്ച വരെ അവധി ദിവസങ്ങൾ ഉൾപ്പെടെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ സ്കൂൾ ഓഫീസിൽ നിന്ന് ലഭിക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയാണ്. അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് നാമനിർദ്ദേശ പെട്ടി തുറന്ന് പരിശോധിക്കും. സാധുവായ പത്രികകൾ ഡിസംബർ 1 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് പ്രസിദ്ധീകരിക്കും. പത്രിക പിൻവലിക്കാനുള്ള അവസാന സമയം ഡിസംബർ 2 ബുധനാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്. അന്തിമ സ്ഥാനാർത്ഥി പട്ടിക ഡിസംബർ 2 വൈകുന്നേരം 7 മണിക്ക് പ്രസിദ്ധീകരിക്കും. ഡിസംബർ 11 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ നടക്കുന്ന വോട്ടെടുപ്പിന് ശേഷം രാത്രി 8.30 മുതൽ വോട്ടെണ്ണൽ ആരംഭിച്ച് ഫലം പ്രഖ്യാപിക്കും.
സ്ഥാനാർത്ഥികൾ കുറഞ്ഞത് രണ്ട് വർഷമായി ബഹ്‌റൈനിൽ താമസിക്കുന്ന ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളായിരിക്കണം. തിരഞ്ഞെടുപ്പ് സമയത്ത് സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയെങ്കിലും ഉണ്ടായിരിക്കുകയും തുടർന്ന് കുറഞ്ഞത് രണ്ട് വർഷത്തേക്ക് കൂടി അംഗമായി തുടരാൻ യോഗ്യതയുള്ളയാളുമായിരിക്കണം. ഇന്ത്യയിലെ യു.ജി.സി (UGC) അംഗീകൃത സർവകലാശാലയിൽ നിന്നോ അംഗീകൃത വിദേശ സർവകലാശാലയിൽ നിന്നോ റഗുലർ/ഫുൾടൈം ബിരുദം നേടിയിരിക്കണം. ബഹ്‌റൈൻ സർക്കാർ അംഗീകരിച്ച ഏജൻസിയായ 'ക്വാഡ്രാബേ' (QuadraBay) വഴി സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കും. ഒരാൾക്ക് പരമാവധി രണ്ട് തവണ മാത്രമേ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ അർഹതയുള്ളൂ. വാർഷിക നിർബന്ധിത അംഗത്വ വരിസംഖ്യയായ 5 ദിനാർ (BD 5) അടച്ചവർക്കും 2026 നവംബർ വരെയുള്ള കുട്ടികളുടെ സ്കൂൾ ഫീസ് കുടിശ്ശിക പൂർണ്ണമായും അടച്ചുതീർത്ത രക്ഷിതാക്കൾക്കും മാത്രമേ പൊതുയോഗത്തിലും തിരഞ്ഞെടുപ്പിലും പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
പ്രവേശന കവാടത്തിൽ അംഗത്വ നമ്പറും സാധുവായ സി.പി.ആർ (CPR) കാർഡും ഹാജരാക്കണം. വോട്ട് ചെയ്യുന്നതിനായി സാധുവായ സി.പി.ആർ, ബഹ്‌റൈൻ ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കിൽ ഒറിജിനൽ പാസ്‌പോർട്ട് എന്നിവയിലൊന്ന് നിർബന്ധമാണ്. രക്ഷിതാക്കളിൽ പ്രധാനമായും പിതാവിനാണ് വോട്ടവകാശം. പിതാവിന്റെ അഭാവത്തിലോ, പിതാവിന്റെ സമ്മതപ്രകാരമോ അല്ലെങ്കിൽ കോടതി ഉത്തരവ് പ്രകാരമോ മാതാവിന് പങ്കെടുക്കാവുന്നതാണ്.
2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിന്റെ കരട് നവംബർ 25-ന് ഇസ ടൗൺ കാമ്പസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. പകർപ്പ് ആവശ്യമുള്ളവർ നവംബർ 29-നകം പ്രിൻസിപ്പലിന് അപേക്ഷ നൽകണം. പൊതുയോഗത്തിൽ അവതരിപ്പിക്കാനുള്ള പ്രമേയങ്ങളും നിർദ്ദേശങ്ങളും നവംബർ 30-നകം ഓണററി സെക്രട്ടറിക്ക് സമർപ്പിക്കണം. പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന രക്ഷിതാക്കൾക്കായി മുഹറഖ്, റിഫ, മനാമ, ഗുദൈബിയ, സൽമാനിയ, ജുഫൈർ എന്നിവിടങ്ങളിൽ നിന്ന് രാവിലെ 7 മണിക്ക് പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. മടക്കയാത്ര ഉച്ചയ്ക്ക് 3 മണിക്ക് പുറപ്പെടും. കൂടുതൽ വിവരങ്ങൾക്ക് ട്രാൻസ്പോർട്ട് കോർഡിനേറ്റർ സുനിൽ കുമാർ (33660521), ഇസ്മായിൽ (36540443) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് സർക്കുലറിലൂടെ നിലവിലെ ഭരണസമിതി രക്ഷിതാക്കളെ അറിയിച്ചു.


