ലോകാരോഗ്യ സംഘടനയുടെ മരുന്ന് നിരീക്ഷണ പദ്ധതിയിൽ ബഹ്‌റൈൻ എൻ.എച്ച്.ആർ.എയ്ക്ക് പൂർണ്ണ അംഗത്വം


പ്രദീപ് പുറവങ്കര

മനാമ: ലോകാരോഗ്യ സംഘടനയുടെ (WHO) 'പ്രോഗ്രാം ഫോർ ഇന്റർനാഷണൽ ഡ്രഗ് മോണിറ്ററിംഗിൽ' (PIDM) ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിക്ക് (NHRA) പൂർണ്ണ അംഗത്വം ലഭിച്ചു. മരുന്നുകളുടെ സുരക്ഷാ നിരീക്ഷണമായ ഫാർമക്കോവിജിലൻസ് രംഗത്ത് രാജ്യം കൈവരിച്ച സുപ്രധാന നേട്ടമാണിത്. മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള ആഗോള ശ്രമങ്ങളിൽ ബഹ്‌റൈന്റെ പങ്കാളിത്തം ഇതിലൂടെ കൂടുതൽ ശക്തമാകും.

ഫാർമക്കോവിജിലൻസ് മേഖലയിലെ ബഹ്‌റൈന്റെ സാങ്കേതിക-നിയന്ത്രണ മികവും ആഗോള മരുന്ന് നിരീക്ഷണ സംവിധാനത്തിന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പൂർത്തിയാക്കിയതിന്റെയും തെളിവാണ് ഈ അംഗത്വമെന്ന് എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. അഹമ്മദ് അൽ അൻസാരി പറഞ്ഞു. മരുന്ന് നിയന്ത്രണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും രാജ്യം നടത്തിയ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര മരുന്ന് സുരക്ഷാ ശൃംഖലയിൽ സജീവമായി പ്രവർത്തിക്കാൻ ഈ അംഗത്വം ദേശീയ ഫാർമക്കോവിജിലൻസ് ടീമിന് വഴിയൊരുക്കും. ദേശീയ തലത്തിലെ റിപ്പോർട്ടുകളും വിവരങ്ങളും കൈമാറി ആഗോള മരുന്ന് നിരീക്ഷണത്തിന് സംഭാവന നൽകാൻ ബഹ്‌റൈന് സാധിക്കും. മരുന്നുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ നേരത്തെ തിരിച്ചറിയാനും വിലയിരുത്താനും ആവശ്യമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാനും അന്താരാഷ്ട്ര വിവരങ്ങളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഡോ. അൽ അൻസാരി കൂട്ടിച്ചേർത്തു.

ദേശീയ ഫാർമക്കോവിജിലൻസ് സംവിധാനം കൂടുതൽ വികസിപ്പിക്കുമെന്നും മരുന്നുകളുടെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. മരുന്നുകളുടെ സുരക്ഷിതവും കൃത്യവുമായ ഉപയോഗം ഉറപ്പാക്കാനും മനുഷ്യാരോഗ്യ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സഹകരണത്തിൽ ബഹ്‌റൈന്റെ പങ്ക് ഉയർത്താനും ഇത് സഹായിക്കും.

ലോകമെമ്പാടുമുള്ള ദേശീയ ഫാർമക്കോവിജിലൻസ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ശൃംഖലയാണ് ഡബ്ല്യു.എച്ച്.ഒയുടെ പ്രോഗ്രാം ഫോർ ഇന്റർനാഷണൽ ഡ്രഗ് മോണിറ്ററിംഗ്. അംഗരാജ്യങ്ങൾക്കിടയിൽ മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും കൈമാറുകയും ചെയ്ത് മരുന്നുകളുടെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ലോകാരോഗ്യ സംഘടനയ്ക്കായി ഉപ്സാല മോണിറ്ററിംഗ് സെന്റർ (UMC) നിയന്ത്രിക്കുന്ന ആഗോള മരുന്ന് സുരക്ഷാ ഡാറ്റാബേസായ 'വിജിബേസിലേക്ക്' (VigiBase) വിവരങ്ങൾ നൽകാനും അവിടുത്തെ അന്താരാഷ്ട്ര വിവരങ്ങൾ പ്രയോജനപ്പെടുത്താനും ഈ അംഗത്വം എൻ.എച്ച്.ആർ.എയെ പ്രാപ്തമാക്കും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ നിയന്ത്രണ തീരുമാനങ്ങൾ എടുക്കാനും രോഗീ സുരക്ഷയും പൊതുജനാരോഗ്യവും കൂടുതൽ ശക്തമാക്കാനും ഇത് സഹായകരമാകും.

 

article-image

retrerrtrt

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed