വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം, അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കുടുംബം
പ്രദീപ് പുറവങ്കര
കൊല്ലം: കടപ്പാക്കട ടൗൺ ലിമിറ്റിൽ ജനനി നഗർ 129-ൽ താമസിച്ചിരുന്ന മുൻ ബഹ്‌റൈൻ പ്രവാസി ദമ്പതികളായ അപ്പുക്കുട്ടൻ മുകുന്ദൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരുടെ വിയോഗവുമായി ബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കുടുംബം രംഗത്ത്. പോലീസ് അന്വേഷണത്തിലൂടെയും സി.സി.ടി.വി ദൃശ്യങ്ങളിലൂടെയും ലഭിച്ച വിവരങ്ങൾ പങ്കുവെച്ച് ബഹ്‌റൈൻ പ്രവാസി കൂടിയായ മകൻ അരുൺ മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വസ്തുതകൾ വ്യക്തമാക്കിയത്.
വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, മരണദിവസം പുലർച്ചെ ഏകദേശം 3.14-ഓടെ എ. മുകുന്ദൻ സ്വീകരണമുറിയിലേക്ക് നടന്നുപോകുന്നതും തുടർന്ന് പെട്ടെന്ന് കുഴഞ്ഞുവീഴുന്നതും വ്യക്തമാണെന്ന് കുടുംബത്തെ അറിയിച്ചു. രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്ന ആദ്യ സംശയങ്ങൾ ഇതിലൂടെ മാറിയെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും അരുൺ വ്യക്തമാക്കി. ഭർത്താവ് സ്വീകരണമുറിയിൽ വീണുകിടക്കുന്നത് കണ്ട ബീന മുകുന്ദൻ ഉണർന്നിരിക്കാമെന്നും തുടർന്ന് അവർക്കും ഹൃദയാഘാതം സംഭവിച്ചതാകാമെന്നുമാണ് കരുതപ്പെടുന്നത്. ദമ്പതികളുടെ മക്കൾ ബഹ്‌റൈനിൽ ആയിരുന്നതിനാൽ വീട്ടിൽ ഇരുവരും മാത്രമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അകത്തുനിന്ന് പൂട്ടിക്കിടന്ന മുൻവശത്തെ വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
പ്രായമായവരും ഒറ്റയ്ക്ക് താമസിക്കുന്നവരുമായിരുന്നിട്ടും വീട് എത്രത്തോളം വൃത്തിയായും സൂക്ഷ്മതയോടെയുമാണ് പരിപാലിച്ചിരുന്നതെന്ന് കണ്ട് ഉദ്യോഗസ്ഥർ അതിശയിച്ചതായി കുടുംബം പറഞ്ഞു. ചെറിയൊരു കാര്യമായി തോന്നാമെങ്കിലും, അവരുടെ വ്യക്തിത്വത്തെയും ജീവിതരീതിയെയും അടയാളപ്പെടുത്തുന്നതാണ് ആ നിരീക്ഷണമെന്ന് കുടുംബം ചൂണ്ടിക്കാട്ടി.
50 വർഷത്തോളം ബഹ്‌റൈൻ പ്രവാസികളായിരുന്ന ഇരുവരും അവിടുത്തെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ബഹ്‌റൈനിലെ എസ്.എൻ.സി.എസ്, ഇസ്കോൺ പ്രസ്ഥാനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ഇവർ. ബഹ്‌റൈനിലെ മനാമയിൽ പ്രവർത്തിച്ചിരുന്ന സിറ്റി സെന്റർ ഹോട്ടൽ ജീവനക്കാരനായിരുന്നു മുകുന്ദൻ അപ്പുക്കുട്ടൻ. ബഹ്‌റൈനിൽ വലിയ സൗഹൃദവലയമുള്ള കുടുംബത്തിന്റെ ആകസ്മിക വേർപാടിൽ നിരവധി പേരാണ് ദുഃഖം രേഖപ്പെടുത്തിയത്.
ഒരു ജീവിതകാലം മുഴുവൻ ഒരുമിച്ചുണ്ടായിരുന്ന മാതാപിതാക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ യാത്രയായത് താങ്ങാനാവാത്ത വലിയ വേദനയാണെന്ന് അരുൺ ഫേസ് ബുക്കിൽ കുറിച്ചു. മരണസാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനല്ല, മറിച്ച് യഥാർത്ഥ വസ്തുതകൾ വ്യക്തമാക്കാനും അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കാനുമാണ് ഈ വിവരങ്ങൾ പങ്കുവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
aaa


