ബഹ്റൈന്റെ ഭാവി ഊർജ്ജ പദ്ധതികളിൽ അണുശക്തി വേണമെന്ന നിർദ്ദേശവുമായി എംപി ഡോ. മറിയം അൽ ധാഇൻ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തിന്റെ ഭാവി ഊർജ്ജ പദ്ധതികളുടെ ഭാഗമായി സമാധാനപരമായ ആവശ്യങ്ങൾക്കുള്ള അണുശക്തി ഉപയോഗപ്പെടുത്തണമെന്ന് പാർലമെന്റ് അംഗം ഡോ. മറിയം അൽ ധാഇൻ നിർദ്ദേശിച്ചു. വൈദ്യുതി ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ബഹ്റൈൻ ശ്രമിക്കുന്ന പശ്ചാത്തലത്തിലും ന്യൂക്ലിയർ സാങ്കേതികവിദ്യ പരിഗണിക്കേണ്ടതുണ്ടെന്ന് ഡോ. അൽ ധാഇൻ പറഞ്ഞു.

ചെറുതും ആധുനികവുമായ സ്മോൾ മോഡുലാർ റിയാക്ടറുകൾ (SMR) ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (EWA) പഠനം നടത്തിവരികയാണ്. പുതിയ ഊർജ്ജ സാങ്കേതികവിദ്യകളുടെ സാധ്യതാ പഠനത്തിന്റെ ഭാഗമായാണ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ഇത്തരം റിയാക്ടറുകളെ വിലയിരുത്തുന്നത്. എന്നാൽ ഈ സാങ്കേതികവിദ്യ ആഗോളതലത്തിൽ ഇപ്പോഴും വികസനത്തിന്റെയും പരീക്ഷണങ്ങളുടെയും ഘട്ടത്തിലാണെന്നും വാണിജ്യാടിസ്ഥാനത്തിലുള്ള വിപുലമായ ഉപയോഗത്തിലേക്ക് എത്തിയിട്ടില്ലെന്നും ഇഡബ്ല്യുഎ വ്യക്തമാക്കി. ബഹ്റൈനിൽ ഇത് നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ ലൈസൻസിംഗും സുരക്ഷാ പരിശോധനകളും ആവശ്യമാണ്.

ഊർജ്ജ മേഖലയിൽ അണുശക്തിക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും വരുംതലമുറയ്ക്കായി പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കണമെന്നും ഡോ. മറിയം ആവശ്യപ്പെട്ടു. ഇതിനോടൊപ്പം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

സോളാർ ഊർജ്ജ സംവിധാനങ്ങൾ സാധാരണക്കാരായ വീടുടമസ്ഥർക്കും ചെറിയ വരുമാനക്കാർക്കും പ്രാപ്യമാകുന്ന രീതിയിൽ ലളിതമാക്കണമെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടാതെ ഫാക്ടറികളും കമ്പനികളും പൊതുസ്ഥാപനങ്ങളും പുനരുപയോഗ ഊർജ്ജ ഉൽപ്പാദനത്തിൽ വലിയ പങ്കുവഹിക്കണമെന്നും ഇതിനായി ശക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു.

2035-ഓടെ രാജ്യത്തെ മൊത്തം ഊർജ്ജ ഉൽപ്പാദനത്തിന്റെ 20 ശതമാനം പുനരുപയോഗ ഊർജ്ജമാക്കാനും, 2060-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുമാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്.

article-image

tersete

You might also like

  • Lulu Exchange
  • Straight Forward

Most Viewed