ബഹ്‌റൈൻ എയർപോർട്ട് വഴി മയക്കുമരുന്ന് കടത്താൻ ശ്രമം: എട്ടുപേർ അറസ്റ്റിൽ; 2.35 ലക്ഷം ദീനാറിന്റെ മയക്കുമരുന്ന് പിടികൂടി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ എട്ടുപേരെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് പിടികൂടി. വിവിധ രാജ്യക്കാരായ പ്രതികളിൽ നിന്ന് 17 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു. വിപണിയിൽ ഇതിന് ഏകദേശം 2,35,500 ബഹ്‌റൈനി ദീനാർ വിലവരുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

എയർപോർട്ട് കസ്റ്റംസുമായി സഹകരിച്ച് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക്സിന് കീഴിലുള്ള ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

വിവരങ്ങൾ ലഭിച്ചയുടൻ അന്വേഷണം ആരംഭിക്കുകയും പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. ഇതിൽ ചിലരെ വിമാനത്താവളത്തിൽ വെച്ചും ബാക്കിയുള്ളവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് മയക്കുമരുന്നുമായി പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി.

പിടിച്ചെടുത്ത മയക്കുമരുന്ന് സുരക്ഷിതമായി കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.

ലഹരിവസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 996 എന്ന ഹോട്ട്ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed