എസ് എൻ സി എസ് ബഹ്റൈൻ ഓണം-ചതയ ദിനാഘോഷങ്ങൾക്ക് തുടക്കമായി; മെഗാ ഓണാഘോഷം ഒക്ടോബർ 9-ന്
പ്രദീപ് പുറവങ്കര
മനാമ: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (SNCS) സംഘടിപ്പിക്കുന്ന 2026-ലെ ഓണം, ചതയ ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. ഓഗസ്റ്റ് 27 വ്യാഴാഴ്ച വൈകുന്നേരം സാംസ്കാരിക സമ്മേളനത്തോടെ ആരംഭിച്ച ആഘോഷപരിപാടികളിൽ നിരവധി പേർ പങ്കെടുത്തു.
ദൈവദശക ആലാപനത്തോടെയും പൂജാ നൃത്തത്തോടെയും ആരംഭിച്ച പൊതുസമ്മേളനത്തിൽ എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി പ്രകാശ് കെ.പി സ്വാഗതം ആശംസിച്ചു. സംഘടന ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പമ്പാവാസൻ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ദേശഭക്തിഗാന മത്സരത്തിൽ പങ്കെടുത്ത പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക സെക്രട്ടറി സംഗീത ഗോകുൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ നൃത്തങ്ങൾ, വനിതകൾ അവതരിപ്പിച്ച തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, പുലിക്കളി, സ്കിറ്റുകൾ എന്നിവ ഉൾപ്പെടുത്തിയ സാംസ്കാരിക സന്ധ്യ അരങ്ങേറി. രാജേഷ് പെരുങ്ങുഴി പരിപാടികൾ നിയന്ത്രിച്ചു.
ആഘോഷങ്ങളുടെ രണ്ടാം ദിനമായ ഓഗസ്റ്റ് 28 വെള്ളിയാഴ്ച ചതയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിപുലമായ ഓണസദ്യയിൽ 700-ലധികം ആളുകൾ പങ്കെടുത്തു.
എസ്.എൻ.സി.എസ് ഓണാഘോഷങ്ങളുടെ സമാപനമായ മെഗാ ഓണാഘോഷ പരിപാടി 2026 ഒക്ടോബർ 9-ന് ബഹ്‌റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ കലാപരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
aa

