ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എക്സിക്യൂട്ടീവ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മുഹമ്മദ് മൻസൂർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂറിനെ 2026-ലേക്കുള്ള ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) എക്സിക്യൂട്ടീവ് ബോർഡിലേക്ക് തിരഞ്ഞെടുത്തു. ബാങ്കോക്കിൽ നടന്ന എ.സി.സി വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെയും ജി.സി.സി രാഷ്ട്രങ്ങളിലെയും ക്രിക്കറ്റ് ഭരണാധികാരികൾ പങ്കെടുത്ത യോഗത്തിന് എ.സി.സി പ്രസിഡന്റ് മൊഹ്സിൻ നഖ്‌വിയാണ് നേതൃത്വം നൽകിയത്. ഖാലിദ് അൽ സാറൂണി (വൈസ് ചെയർമാൻ), ശൈഖ് അബ്ദുൽ അസീസ് ബിൻ സൗദ് അൽ ഥാനി തുടങ്ങിയ പ്രമുഖരും എക്സിക്യൂട്ടീവ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഏഷ്യയിലെയും പ്രത്യേകിച്ച് അസോസിയേറ്റ് രാജ്യങ്ങളിലെയും ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ ലഭിച്ച വലിയ അവസരമാണിതെന്ന് മുഹമ്മദ് മൻസൂർ പ്രതികരിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, മികച്ച പരിശീലനം നൽകുക, പുതിയ കളിക്കാരെയും ഉദ്യോഗസ്ഥരെയും വളർത്തിയെടുക്കുക തുടങ്ങിയവയ്ക്കാണ് തന്റെ മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
കായിക മേഖലയ്ക്കും ക്രിക്കറ്റിനും നൽകുന്ന പിന്തുണയ്ക്ക് സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയ്ക്ക് മൻസൂർ നന്ദി അറിയിച്ചു. നേരത്തെ ബഹ്റൈനിൽ നടന്ന എ.സി.സി ബോർഡ് യോഗവും ഐ.സി.സി ചെയർമാൻ ജയ് ഷായുടെ ബഹ്റൈൻ സന്ദർശനവും അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്ത് രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
xvxv

