കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പുതിയ പാക്കറ്റുകളിലാക്കി വിൽപ്പന: ബഹ്റൈനിൽ പ്രവാസിക്ക് 1 ലക്ഷം ദിനാർ പിഴ, 4 പേർക്ക് തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര
മനാമ: കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ പുതിയ പാക്കറ്റുകളിലാക്കി വിപണിയിൽ വിറ്റഴിച്ച കേസിൽ ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി. കേസിൽ ഒന്നാം പ്രതിക്ക് ഒരു ലക്ഷം ദിനാറിലധികം (ഏകദേശം 2.2 കോടിയിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്തിയ കോടതി, മറ്റ് നാല് പേർക്ക് ആറുമാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷയും വിധിച്ചു. 'ബഹ്റൈൻ പ്രൈഡ് ട്രേഡിംഗ് സെന്ററുമായി' (ഷക്കീൽ ട്രേഡിംഗ്) ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കെതിരെയാണ് വ്യവസായ വാണിജ്യ മന്ത്രാലയം ശിക്ഷാവിധി പ്രഖ്യാപിച്ചത്.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ എക്സ്പയറി തീയതി തിരുത്തി, പുതിയ പാക്കറ്റുകളിലും സ്ഥാപനത്തിന്റെ കവറുകളിലുമാക്കി വിപണിയിൽ വിതരണം ചെയ്യുകയായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയായ ഷക്കീൽ അഹമ്മദിനാണ് 1,00,000 ദിനാർ പിഴയും മറ്റ് കുറ്റങ്ങൾക്ക് 3,00,000 ദിനാർ അധിക പിഴയും ചുമത്തിയത്.
രണ്ടാം പ്രതി കാഷിഫ്, മൂന്നാം പ്രതി എം.ഡി അൽമുഅമിൻ, നാലാം പ്രതി ബിന്തു ദാസ് എന്നിവർക്ക് ആറുമാസം വീതവും അഞ്ചാം പ്രതി സബുജ് ലഖാന് ഒരു വർഷത്തെ തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാല് പ്രവാസികളെയും രാജ്യത്തുനിന്ന് നാടുകടത്തും. പിടിച്ചെടുത്ത കേടായ ഭക്ഷ്യവസ്തുക്കളും തട്ടിപ്പിനായി ഉപയോഗിച്ച ഉപകരണങ്ങളും കണ്ടുകെട്ടി നശിപ്പിച്ചു.
vxvxcv

