പാർപ്പിട മേഖലകളിൽ രാത്രികാല റോഡ് പണികൾക്ക് നിരോധനം ഏർപ്പെടുത്താൻ പാർലമെന്റിൽ നിർദ്ദേശം


പ്രദീപ് പുറവങ്കര

മനാമ: ജനവാസ മേഖലകൾക്ക് സമീപമുള്ള ശബ്ദമലിനീകരണമുണ്ടാക്കുന്ന റോഡ് പണികളും അറ്റകുറ്റപ്പണികളും രാവിലെ 7 മണിക്ക് മുമ്പും രാത്രി 8 മണിക്ക് ശേഷവും നിരോധിക്കണമെന്ന ആവശ്യവുമായി ബഹ്റൈൻ പാർലമെന്റിലെ അഞ്ച് എം.പിമാർ. എം.പി ബദർ സ്വാലിഹ് അൽ തമീമിയുടെ നേതൃത്വത്തിൽ അബ്ദുല്ല അൽ ധാഇൻ, അലി അൽ നുഐമി, അലി സഖർ അൽ ദോസരി, ഹിഷാം അൽ അവാധി എന്നീ എം.പിമാരാണ് നിർദ്ദേശം സമർപ്പിച്ചത്.

വീടുകൾക്ക് സമീപമുള്ള ദൈനംദിന നിർമ്മാണ, ഇൻഫ്രാസ്ട്രക്ചർ ജോലികൾ ക്രമീകരിക്കാനാണ് നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 7 മണിക്കും പൊതു അവധി ദിവസങ്ങളിൽ രാവിലെ 8 മണിക്കും മാത്രമേ പണികൾ ആരംഭിക്കാൻ പാടുള്ളൂ. കൂടാതെ എല്ലാവിധ സാധാരണ പണികളും രാത്രി 8 മണിയോടെ അവസാനിപ്പിക്കുകയും വേണം.

റോഡ് കുഴിക്കൽ, മലിനജല പൈപ്പ് ലൈൻ, കുടിവെള്ള-വൈദ്യുതി ശൃംഖലാ പ്രവൃത്തികൾ, മറ്റ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ എന്നിവയ്‌ക്കെല്ലാം ഈ നിയന്ത്രണം ബാധകമായിരിക്കും. എന്നാൽ കുടിവെള്ള, വൈദ്യുതി വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കുന്നത് പോലുള്ള അടിയന്തര അറ്റകുറ്റപ്പണികളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിശ്രമ വേളകളിലെ കടുത്ത ശബ്ദമലിനീകരണത്തെക്കുറിച്ച് താമസക്കാരിൽ നിന്ന് തുടർച്ചയായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചതെന്ന് എം.പി അൽ തമീമി പറഞ്ഞു. പ്രായമായവർ, കുട്ടികൾ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്ക് ഈ ഭേദഗതി ആശ്വാസമാകുമെന്നും, ഒപ്പം വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിയന്തര പ്രാധാന്യമുള്ള പൊതുജനക്ഷേമ പ്രവൃത്തികളെ ഈ നിയമം തടയില്ലെന്നും ദൈനംദിന പദ്ധതികൾ അനുയോജ്യമായ സമയങ്ങളിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വേനൽക്കാല ഉച്ചവിശ്രമ നിയമം നിലവിലെ രീതിയിൽ തന്നെ തുടരുകയും ചെയ്യും.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed