ജി.എസ്.എസ് 'ഗുരുകാരുണ്യ സ്പർശം' ഭവന നിർമ്മാണ പദ്ധതി: റാന്നിയിലെ പുതിയ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു
പ്രദീപ് പുറവങ്കര
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്.) 'ഗുരുകാരുണ്യ സ്പർശം' പദ്ധതിയിലൂടെ പത്തനംതിട്ട ജില്ലയിലെ റാന്നി വടശേരിക്കരയിൽ നിർമ്മിച്ചുനൽകിയ പുതിയ വീടിന്റെ താക്കോൽദാനകർമ്മം നടന്നു. ജി.എസ്.എസ്. കുടുംബാംഗങ്ങളായ ഷിബു, വിജി എന്നിവർക്കാണ് ഈ ഭവനം കൈമാറിയത്.
സാമൂഹിക നന്മയുടെയും കാരുണ്യത്തിന്റെയും മാതൃകയായി മാറിയ ഈ പദ്ധതിയിൽ, ഏറ്റവും അർഹതപ്പെട്ട കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്. ഭവന നിർമ്മാണത്തിന് ആവശ്യമായ ഭൂമി വാങ്ങി നൽകാൻ രണ്ട് ജി.എസ്.എസ്. അംഗങ്ങൾ സഹായിക്കുകയായിരുന്നു. തുടർന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് കിടപ്പുമുറികളോടു കൂടിയ മനോഹരമായ ഭവനമാണ് സൊസൈറ്റി നിർമ്മിച്ചുനൽകിയത്.
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയും ബഹ്‌റൈൻ ശ്രീനാരായണ സമൂഹത്തിന്റെ രക്ഷാധികാരിയുമായ കെ.ജി. ബാബുരാജൻ ഓൺലൈൻ വഴി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ നേർന്നു.
ആത്മീയ ആചാര്യന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികൾ പുതിയ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു. ബ്രഹ്മശ്രീ ശിവനാരായണ തീർത്ഥ സ്വാമികളും ബ്രഹ്മശ്രീ വീരേശ്വരാനന്ദ സ്വാമികളും ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
വെറും ആറ് മാസത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞതായി ജി.എസ്.എസ്. ചെയർമാൻ സനീഷ് കൂറുമുളിൽ വ്യക്തമാക്കി. ജി.എസ്.എസ്. അംഗങ്ങളുടെയും, പ്രത്യേകിച്ച് കെ.ജി. ബാബുരാജന്റെയും മറ്റ് സുഹൃത്തുക്കളുടെയും ഉദാരമായ പിന്തുണയാണ് ഈ ജീവകാരുണ്യ ദൗത്യം യാഥാർത്ഥ്യമാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം നന്ദിയോടെ സ്മരിച്ചു. വീടിന്റെ നിർമ്മാണം കൃത്യസമയത്ത് പൂർത്തിയാക്കിയ കരാറുകാരൻ രതീഷ് നായരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ ചേർത്തുനിർത്താൻ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ജി.എസ്.എസ്. തുടർന്നും നടപ്പിലാക്കുമെന്ന് ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ അറിയിച്ചു. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ദേവദത്തൻ എ.ഡി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ജി.എസ്.എസ്. കുടുംബാംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
sdfsf

