ഫോണുകളിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത വേണം: മുന്നറിയിപ്പുമായി ബഹ്റൈൻ പോലീസ്
പ്രദീപ് പുറവങ്കര
മനാമ: സ്മാർട്ട്‌ഫോണുകളിൽ വ്യാജവും സുരക്ഷിതമല്ലാത്തതുമായ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പോലീസും നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററും. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാതെ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ വഴി ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത ഡാറ്റ ചോർത്തപ്പെടാൻ വലിയ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ആളുകളുടെ വിവരങ്ങളും ഡാറ്റയും ലക്ഷ്യമിട്ട് ദിവസേന ലക്ഷക്കണക്കിന് വ്യാജ ആപ്പുകളാണ് നിർമ്മിക്കപ്പെടുന്നതെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമൻ' സോഷ്യൽ മീഡിയ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഓരോ ദിവസവും ഉപഭോക്താക്കൾക്ക് ഹാനികരമാകുന്നതും ഡാറ്റ ചോർത്താൻ ലക്ഷ്യമിടുന്നതുമായ ഏകദേശം 4,50,000 വ്യാജ ആപ്പുകളാണ് നിർമ്മിക്കപ്പെടുന്നത്. ബഹ്‌റൈനിൽ അലേർട്ടുകളും നോട്ടിഫിക്കേഷനുകളും നൽകുന്ന ചില വ്യാജ ആപ്പുകൾക്കെതിരെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ആപ്പുകൾക്ക് നിങ്ങളുടെ ഫോൺ പൂർണ്ണമായും ഹാക്ക് ചെയ്യാൻ സാധിക്കും. അതിനാൽ ഫോണിന്റെ ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ (Official App Store) നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക," - കേണൽ ഡോ. ഒസാമ ബഹാർ വ്യക്തമാക്കി.
വ്യാജ വാഗ്ദാനങ്ങൾ നൽകിയോ, സിസ്റ്റം പെർമിഷനുകൾ ദുരുപയോഗം ചെയ്തോ, ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സുരക്ഷാ വിടവുകൾ മുതലെടുത്തോ ആണ് ഇത്തരം ആപ്പുകൾ ഫോണുകളിലേക്ക് കടന്നുകൂടുന്നത്. ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ, ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് ഇവ ബാങ്ക് വിവരങ്ങൾ ചോർത്തുകയും, ലൊക്കേഷൻ ട്രാക്ക് ചെയ്യുകയും, ഫോണിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യും.
സൗജന്യ വി.പി.എന്നുകൾ (Free VPNs), ക്യൂ.ആർ കോഡ് സ്‌കാനറുകൾ, ഗെയിമുകൾ എന്നിവയുടെ രൂപത്തിലാണ് പലപ്പോഴും ഇത്തരം അപകടകാരികളായ മാൽവെയറുകൾ എത്താറുള്ളത്. ഔദ്യോഗികമല്ലാത്ത വെബ്‌സൈറ്റുകൾ, പോപ്പ്-അപ്പ് പരസ്യങ്ങൾ എന്നിവ വഴി സിസ്റ്റം അപ്‌ഡേറ്റുകൾ എന്ന വ്യാജേന അപകടകരമായ ഇൻസ്റ്റലേഷൻ ഫയലുകൾ (APK Files) ഡൗൺലോഡ് ചെയ്യിപ്പിച്ചും തട്ടിപ്പുകാർ ഫോണുകൾ ഹാക്ക് ചെയ്യാറുണ്ട്.
അതിനാൽ ഔദ്യോഗിക അല്ലാത്ത പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ആപ്പുകളോ അപ്‌ഡേറ്റുകളോ ഡൗൺലോഡ് ചെയ്യരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
sdds

