മാലിന്യത്തിൽ നിന്ന് വൈദ്യുതി: നിർദേശവുമായി ബഹ്‌റൈൻ പാർലമെന്റ്


പ്രദീപ് പുറവങ്കര

മനാമ: ഭക്ഷണ അവശിഷ്ടങ്ങളും മലിനജല മാലിന്യങ്ങളും ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങളെ ലാൻഡ്‌ഫില്ലുകളിൽ തള്ളുന്നതിന് പകരം, അവയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള നിർണായക നിർദേശം ബഹ്‌റൈൻ പാർലമെന്റിന്റെ പരിഗണനയിൽ. ശുചിത്വമുള്ള ഊർജ്ജ ഉൽപ്പാദനത്തിന് പുറമേ മാലിന്യ പ്രശ്നം പരിഹരിക്കാനും സ്വദേശികൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി ഉപകരിക്കും.

മാലിന്യങ്ങളെ വെറുതെ കുഴിച്ചുമൂടുന്നതിന് പകരം അതൊരു ഊർജ്ജ സ്രോതസ്സായി കാണണമെന്ന് എം.പി ഡോ. മുനീർ സൂരൂർ ആവശ്യപ്പെട്ടു. പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും മാലിന്യത്തെ വൈദ്യുതി, ജൈവവളം, തൊഴിൽ അവസരങ്ങൾ എന്നിവയാക്കി മാറ്റാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓക്സിജന്റെ അസാന്നിധ്യത്തിൽ ഭക്ഷണ അവശിഷ്ടങ്ങളും ജൈവമാലിന്യങ്ങളും വിഘടിപ്പിച്ച് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന 'അനെറോബിക് ഡൈജഷൻ' സാങ്കേതികവിദ്യ വിപുലമായി ഉപയോഗിക്കാനാണ് നിർദേശം. ഈ വാതകം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനോ വാഹനം, വീടുകൾ എന്നിവയ്ക്കുള്ള ഇന്ധനമാക്കി മാറ്റാനോ സാധിക്കും. പ്രക്രിയയ്ക്ക് ശേഷം ലഭിക്കുന്ന ബാക്കിഭാഗം മികച്ച ജൈവവളമായി ഉപയോഗിക്കുകയും ചെയ്യാം.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിലവിലുള്ളതിന് സമാനമായി, മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശേഖരിക്കുന്ന രീതി ബഹ്‌റൈനിലും നടപ്പിലാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച്, ഈ പദ്ധതിയിലൂടെ ബഹ്‌റൈന് പ്രതിവർഷം 213.3 ജിഗാവാട്ട്-അവർ (GWh) വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. കൂടാതെ പ്രതിവർഷം 5.36 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയാനും സാധിക്കും.

എഞ്ചിനീയറിംഗ്, പ്ലാന്റ് പ്രവർത്തനം, മെയിന്റനൻസ് മേഖലകളിൽ നിരവധി സ്വദേശികൾക്ക് ജോലി ലഭിക്കുമെന്നതും പദ്ധതിയുടെ സവിശേഷതയാണ്. മറ്റിതര ഗൾഫ് രാജ്യങ്ങളിലെപ്പോലെ ഇത്തരം സാങ്കേതികവിദ്യകൾ വേഗത്തിൽ പ്രയോജനപ്പെടുത്തി മാലിന്യത്തെ ഒരു സാമ്പത്തിക സ്രോതസ്സാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed